ജനാധിപത്യത്തിലൂടെ ഫാഷിസത്തെ തോല്‍പ്പിച്ചതിന് മുന്‍ മാതൃകകളില്ല: മേപ്പയ്യൂരില്‍ പി.കെ.ബാബുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പി.എന്‍.ഗോപീകൃഷ്ണന്‍


മേപ്പയ്യൂര്‍: ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിര്‍ത്തു തോല്‍പ്പിക്കുന്നതില്‍ മുന്‍ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എന്‍.ഗോപീകൃഷ്ണന്‍ പറഞ്ഞു. വി.കെ.ബാബു രചിച്ച ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആല്‍ബം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താന്‍ കഴിയുന്ന ഐക്യനിര വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മണ്ഡലത്തെ ഹിന്ദുത്വവല്‍ക്കരിക്കുകയും ഈ ഹിന്ദുത്വ ബോധത്തെ സൈനികവല്‍ക്കരിക്കുകയും ചെയ്യുകയാണ്. അഗ്‌നിവീര്‍ പദ്ധതി മിലിട്ടറൈസ് ഹിന്ദുത്വയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അജയ് ആവള അധ്യക്ഷനായി. മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ പുസ്തകം ഏറ്റുവാങ്ങി. കെ.ടി.ദിനേശന്‍ പുസ്തക പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഫിക്കില്‍ വി.എ. ബാലകൃഷ്ണന്‍, പി.കെ.പ്രിയേഷ് കുമാര്‍, വി.പി.സതീശന്‍, അഡ്വ.പി.രജിലേഷ് എന്നിവര്‍ സംസാരിച്ചു.

Summary: PN Gopikrishnan at PK Babu’s book launch event in Mepayyur