മുചുകുന്ന് കിള്ളവയലില്‍ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു കയറി അപകടം; യുവതിക്ക് പരിക്ക്‌


മുചുകുന്ന്: കിള്ളവയലില്‍ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു കയറി യുവതിക്ക് പരിക്ക്. പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു സംഭവം. കള്ള്ഷാപ്പ് ബസ് സ്റ്റോപ്പിനടുത്തുള്ള ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്താണ് അപകടം നടന്നത്.

മുചുകുന്ന് ഭാഗത്ത് നിന്നും ആനക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് വണ്ടി പോസ്റ്റിനും വീടിന്റെ മതിലിനും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂടാടി പഞ്ചായത്തിന്റെയും കൊയിലാണ്ടി നഗരസഭയുടെയും അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്. ഇവിടെയുള്ള വളവില്‍ പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്‌. മുമ്പും സമാനമായ രീതിയില്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ ഈ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ കുട്ടിയുടെ തുടയെല്ലിനും പല്ലിനും പരിക്കുകളുണ്ട്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന്‌
കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും തുടര്‍ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വണ്ടിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Description: Scooter went out of control and crashed into a post; The woman was injured