ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൊല്ലം സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് 43ലക്ഷം; ചങ്ങരോത്ത് സ്വദേശിയായ യുവാവ് പിടിയില്‍
ചങ്ങരോത്ത്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ചവറ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചങ്ങരോത്ത് സ്വദേശി അറസ്റ്റില്‍. ആവടുക്ക എല്‍.പി സ്‌കൂളിന് സമീപം മീത്തലെ കുന്നത്ത് വീട്ടില്‍ മുഹമ്മദ് സാലിമാണ് (21) കൊല്ലം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്.
കൊല്ലം ചവറ സ്വദേശിയില്‍ നിന്നും 43ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയര്‍ ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യം അയച്ച് വിശ്വസിപ്പിച്ച ശേഷം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ മാര്‍ക്കറ്റ് ഷെയറുകള്‍ ഉയര്‍ന്ന നിലയിലാണെന്നും ഷെയര്‍ ട്രേഡിങ് വഴി നൂറ് ശതമാനം ലാഭം ലഭിക്കുമെന്നും അറിയിച്ചു. പിന്നീട് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഐ.പി.ഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) അലോട്ട് ആയിട്ടുണ്ടെന്നും ഷെയര്‍ വാങ്ങിയില്ലെങ്കിലും ഫണ്ട് ബ്ലോക്കാകുമെന്നും മറ്റും മെസേജിലൂടെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്.ഐ.നിയാസ്, എസ്.ഐ നന്ദകുമാര്‍, സി.പി.ഒമാരായ ബിനൂബ് കുമാര്‍, അബ്ദുല്‍ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Summary: 43 lakhs stolen from a native of Kollam through online fraud; Young man from Changaroth arrested