ദേശീയപാത നിര്‍മ്മാണത്തിന് അപാകതകള്‍ പരിഹരിക്കണം; സി.പി.ഐ.എം നന്തി ലോക്കല്‍ സമ്മേളനം


പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് സി.പി.ഐ.എം നന്തി ലോക്കല്‍ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. നന്തി – കോടിക്കലില്‍ മിനി ഹാര്‍ബര്‍ നിര്‍മ്മിക്കുക, പള്ളിക്കര കോഴിക്കോട് റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുന:സ്ഥാപിക്കുക, നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

നന്തി വൃന്ദ കോംപ്ലക്‌സിലെ കേളോത്ത് ബാലന്‍ – മൊയ്‌ലേരി നാരായണന്‍ നഗറില്‍ വച്ച് നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. പി.നാരായണന്‍ മാസ്റ്റര്‍, സുനില്‍ അക്കമ്പത്ത്, പി.എം.ശ്രീലത എന്നിവരടത്തിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.ചന്തു മാസ്റ്റര്‍, കെ.ജീവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ലോക്കല്‍ സെക്രട്ടറിയായി വി.വി.സുരേഷ് ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി വി.വി.സുരേഷ്, കെ.വിജയരാഘവന്‍ മാസ്റ്റര്‍, വി.കെ.രവീന്ദ്രന്‍, സുനില്‍ അക്കമ്പത്ത്, ആര്‍.പി.കെ.രാജീവ് കുമാര്‍, പി.കെ.ഷീജ, പ്രശോഭ് ചാത്തോത്ത്, ടി.പി.പുരുഷോത്തമന്‍, കെ.മിനി, പി.എം.ശ്രീലത, പി.കെ.ശശി, വി.ടി.ബിജീഷ്, സി.ഫൈസല്‍, ഇ.അനൂപ്, കെ.വി.കെ.വിപിന്‍കുമാര്‍ എന്നിവരടങ്ങിയ 15 അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു.