നഷ്ടപ്പെട്ട ഉന്മേഷവും മാനസികാരോഗ്യവും വീണ്ടെടുക്കാം; ദിവസവും മുപ്പത് മിനിറ്റ് നടക്കൂ.. ഹൃദയത്തെ സംരക്ഷിക്കൂ
വ്യായാമത്തിൻറെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവൻറീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിലൂടെ ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനാകും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും. ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും ദിവസവും ഇത്തരത്തിൽ നടക്കുന്നത് നല്ലതാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും വയർ വീർത്തിരിക്കുന്നത് തടയാനും മലബന്ധത്തെ തടയാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും പതിവായുള്ള നടത്തം ഗുണം ചെയ്യും. ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ശരീരത്തിന് ഊർജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്. അതുപോലെ രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
Description: Walk for thirty minutes every day.. protect the heart