ഇതുവരെ ചികിത്സ തേടിയത് 32 കുട്ടികള്‍; മേമുണ്ട സ്‌ക്കൂളിലും പരിസരപ്രദേശത്തും മഞ്ഞപ്പിത്ത പ്രതിരോധം ഊര്‍ജ്ജിതം


വടകര: മേമുണ്ട സ്‌ക്കൂളില്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത് 32 കുട്ടികള്‍ക്ക്. ക്ഷീണം അനുഭവപ്പെട്ട നാല് കുട്ടികള്‍ നിലിവല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള കുട്ടികള്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ ദിവസമാണ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്‌ക്കൂളിലും പരിസരപ്രദേശത്തെ കടകളിലും ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയിരുന്നു.

സ്‌ക്കൂളിലെ കിണര്‍ വെള്ളം പരിശോധിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. മാത്രമല്ല ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തതിനെ തുടര്‍ന്ന് പ്രദേശത്തെ മൂന്ന് കടകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രദേശത്തെ കടകളിലെ സിപ്പപ്പ്, ഐസ് ക്രീം, ഐസ്, എന്നിവയിൽ നിന്നാകാം രോ​ഗം രോഗം വന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗബാധയെ തുടര്‍ന്ന്‌ പ്രദേശത്തെ എല്ലാം വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി വില്യാപ്പള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ബേക്കറി, കൂള്‍ബാള്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്കൂളിലെയും പരിസരത്തെയും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് മഞ്ഞപ്പിത്ത പ്രതിരോധവുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.