സേഫ് പദ്ധതിക്ക് കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കള്‍ക്ക് ഉപഹാരവും ഗുണഭോക്തൃ സംഗമവും; ഉപഹാരം സമര്‍പ്പിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ


പയ്യോളി: സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാരം നല്‍കി. പദ്ധതിക്കു കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കക്താക്കള്‍ക്കാണ് ഉപഹാരം നല്‍കിയത്.

കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തിവരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതല്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതാണ് സേഫ് (Secure Accomodation and Facility Enhancement) പദ്ധതി. ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണത്തിനൊപ്പം 2023 ലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃസംഗമവും മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

മുന്‍ കേരള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ മുഖ്യാതിഥി ആയി സംബന്ധിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിബിന, തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍ പ്രനില സത്യന്‍, മേലടി ബ്ലോക്ക് വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷീദ നടുക്കാട്ടില്‍, ശ്രീനിവാസന്‍, രമ്യ എ.പി, എം.കെ.നിഷിത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബ്ലോക്ക് എസ്.സി ഡവലപ്പ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ അസീസ് ടി.സ്വാഗതവും അക്രഡിറ്റഡ് എഞ്ചിനീയര്‍ കൃഷ്‌ണേന്തു നന്ദിയും പറഞ്ഞു.