കല്ല് ചുമന്ന് പോകുന്നതിനിടെ ചരലില്‍ വഴുതി വീണു; കൊഴുക്കല്ലൂരില്‍ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം
മേപ്പയ്യൂര്‍: വീടിന്റെ കുയ്യാട്ടയ്ക്കായി കല്ല് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. കൊഴുക്കല്ലൂരില്‍ താമസിക്കുന്ന കല്ലത്താന്‍ കടവ് വിഷ്ണു മാധവ് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നതെന്ന് മേപ്പയ്യൂര്‍ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വീടിന് കുയ്യാട്ടയിടാനായി ഇറക്കിയ കല്ലുകള്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു വിഷ്ണു. അവസാന കല്ലുമായി ഇറക്കം ഇറങ്ങുന്നതിനിടിയില്‍ ചരലില്‍ വഴുതി വീണു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.