കള്ളന്മാര്‍കാരണം കൊയിലാണ്ടിക്കാരുടെ ഉറക്കം നഷ്ടപ്പെട്ട വര്‍ഷം; വീടുകളിലും കടകളിലും അമ്പലങ്ങളിലുമായി നടന്നത് നിരവധി മോഷണങ്ങള്‍, ആനക്കുളം മേഖലയില്‍ വീടുകളില്‍ മോഷണം നടത്തിയ കള്ളന്‍ ഇപ്പോഴും കാണാമറയത്ത്


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ നിരവധി മോഷണങ്ങളാണ് പോയവര്‍ഷം നടന്നത്. പുളിയഞ്ചേരി, കൊല്ലം ആനക്കുളം മേഖലയിലെ വിവിധ വീടുകളില്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മോഷണ സംഭവങ്ങള്‍ പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചിരുന്നു.

സെപ്റ്റംബര്‍ 26നായിരുന്നു ആനക്കുളത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്ന വൃദ്ധയുടെ കഴുത്തിലെ മാല കള്ളന്‍ വീട്ടില്‍ കയറി മുറിച്ചെടുത്തത്. റെയില്‍വേ ഗേറ്റിന് സമീപം വടക്കേക്കുറ്റിയകത്ത് ജയന്റെ വീട്ടിലാണ് മൂന്ന് മണിയോടെ കള്ളന്‍ കയറിയത്. തുടര്‍ന്ന് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല മുറിച്ചെടുക്കുകയായിരുന്നു.

കള്ളന്‍ മാല പൊട്ടിച്ചെടുത്തപ്പോള്‍ തന്നെ അവര്‍ ഉണരുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മകന്‍ ജയനെ വിളിക്കുകയും ചെയ്തു. ഇതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. സ്വര്‍ണമാലയ്ക്ക് പുറമെ ജയന്റെ മകന്‍ ഷര്‍ട്ടില്‍ കീശയില്‍ സൂക്ഷിച്ചിരുന്ന പണവും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അന്നേ ദിവസം തന്നെ സമീപത്തെ മറ്റൊരു വീട്ടിലും കള്ളന്‍ മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. പണിയായുധങ്ങളാണ് അവിടെ നിന്നും മോഷണം പോയത്.

സെപ്തംബര്‍ 27ന് പുളിയഞ്ചേരിയിലെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. പുതിയോട്ടില്‍ താഴെ മരക്കുളത്തില്‍ സുനിലിന്റെ വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ മോഷണത്തിന് ശ്രമിച്ചത്. ഇതിനിടയില്‍ വാതിലിന് പുറകുവശത്തായി വീട്ടുകാര്‍ വെച്ചിരുന്ന സ്റ്റീല്‍ പാത്രം നിലത്ത് വീണു. ഉടന്‍ തന്നെ വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റിടുകയും ഇതു കണ്ട കള്ളന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

പാലക്കുളത്തും സമാനമായ മോഷണം നടന്നു. പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് മോഷണം നടന്നത്. പിന്‍വശത്തെ വാതില്‍ വഴി അകത്തുകടന്ന പ്രതി ഷാഹിനയുടെ കഴുത്തില്‍ നിന്നും മൂന്നുപവന്റെ മാല മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബര്‍ എട്ടിന് കൊരയങ്ങാട് വീട്ടില്‍ കിടക്കുകയായിരുന്ന വൃദ്ധയുടെ ഒന്നരപ്പവനോളം വരുന്ന മാല കള്ളന്‍ പൊട്ടിച്ചെടുത്തു. തെരു കൊമ്പന്‍കണ്ടി ചിരുതേയിയുടെ കഴുത്തില്‍ നിന്നുമാണ് കള്ളന്‍ മാല പൊട്ടിച്ചെടുത്തത്. ഉടന്‍ തന്നെ വീട്ടികാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതില്‍ കൊരയങ്ങാട്ടെ മോഷണക്കേസില്‍ മാത്രമാണ് പ്രതി പിടിയിലായിട്ടുള്ളത്. മറ്റുകേസുകളില്‍ ചിലതില്‍ സി.സി.ടി.വി ദൃശ്യങ്ങളടക്കം ലഭിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മോഷണ പരമ്പര ആവര്‍ത്തിച്ചത് പൊലീസിനെ പ്രതിരോധനത്തിലാക്കിയിരുന്നെങ്കിലും ഇടക്കാലത്ത് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതായതോടെ നാട്ടുകാരെപ്പോലെ പൊലീസും ഈ കേസുകള്‍ മറന്നമട്ടാണ്.

കൊയിലാണ്ടി മേഖലയിലെ നിരവധി ക്ഷേത്രങ്ങളിലും മോഷണങ്ങള്‍ നടന്നിട്ടുണ്ട്. പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള പെരുമാള്‍പുരം മഹാശിവക്ഷേത്രത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മോഷണം നടന്നത്. ജൂണില്‍ ചെങ്ങോട്ടുകാവ് മാടാക്കര ക്ഷേത്രഭണ്ഡാരം പൂട്ടുതകര്‍ത്ത് പണം മോഷ്ടിച്ചിരുന്നു.

പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഓടുപൊളിച്ച് ഉഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ മോഷ്ടാവിന് കടക്കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടില്ല.

സെപ്റ്റംബറില്‍ ഇരിങ്ങത്ത് കുപ്പേരിക്കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നിരുന്നു. ഇവിടെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തെങ്കിലും പണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനു പുറമേ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലും നിരവധി കടകളിലും മോഷണം നടന്നിരുന്നു. ബസ് സ്റ്റാന്റ് ലിങ്ക് റോഡിലെ വെഡ്ഡിങ് കമ്പനിയില്‍ നടന്ന മോഷണമാണ് ഇത്തരത്തിലുള്ളതില്‍ ഏറ്റവും ഒടുവിലത്തേത്.