വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് 20.7 കോടിയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതിയായി- പദ്ധതി വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയന്നൂര്‍ ചല്ലി പാടശേഖരങ്ങളുടെ വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി 20.7 കോടി രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
വെളിയണ്ണൂര്‍ ചല്ലിയുടെ ഭാഗമായ നായടന്‍ പുഴ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമാണ്. പുതിയ സംസ്ഥാന ബജറ്റില്‍ പദ്ധതിയ്ക്ക് ടോക്കണ്‍ തുക അനുവദിച്ചിരുന്നു. വെളിയണ്ണൂര്‍ ചല്ലിയില്‍ ജല ക്രമീകരണ പദ്ധതി നടപ്പിലാക്കി ഈ പാടശേഖരം പൂര്‍ണ്ണമായി നെല്‍കൃഷിയ്ക്ക് അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
പദ്ധതിയ്ക്ക് സാങ്കേതികാനുമതി കൂടി ലഭ്യമായാല്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. സമയബന്ധിതമായി പ്രവൃത്തി നടന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ ഉളളത്. ഇതില്‍ 90 ശതമാനം സ്ഥലവും നെല്‍കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ സ്ഥലത്തും നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ്,എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.കെ.സത്യന്‍, അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.വല്‍സരാജ്, അസി.എഞ്ചിനിയര്‍ എന്‍.കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
നെല്‍കൃഷി ചെയ്യാത്ത സ്ഥലത്ത് ജല ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായല്‍ 200 ഹെക്ടറില്‍ നെല്‍കൃഷി ഉള്‍പ്പെടെയുളള സംയോജിത കൃഷിയും, ടൂറിസം വികസനത്തിനും ഉപകരിക്കും. ഏതാണ്ട് 4000 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും.
ഹരിത കേരളം, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി വെളിയണ്ണൂര്‍ ചല്ലി സംയോജിത കൃഷി വികസനത്തിന് അനുയോജ്യമാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പഠനത്തില്‍ ബോധ്യമായിട്ടുണ്ട്. ചല്ലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍കൃഷി, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലികൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താമെന്നാണ് വിലയിരുത്തല്‍.
മഴക്കാലത്തും വേനല്‍ക്കാലത്തും വെളളക്കെട്ടും, ഉയര്‍ന്ന ചില ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യവും നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ചല്ലിയിലുണ്ട്. കനാല്‍ ചോര്‍ച്ച നിമിത്തമാണ് വേനലിലും ചല്ലിയില്‍ വെളളക്കെട്ടുയരാന്‍ ഇടയാകുന്നത്.
ചല്ലിയോട് ചേര്‍ന്നുളള നായടന്‍ പുഴ പുനരുദ്ധരിക്കുന്നതിനായി 4.87 കോടിരൂപയുടെ എസ്റ്റിമേറ്റാണ് ഉണ്ടാക്കിയത്. പുഴയ്ക്ക് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുകയും, മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുകയുമാണ് വേണ്ടത്. 700 മീറ്ററില്‍ നായാടന്‍ പുഴ വീണ്ടെടുക്കും. നായടന്‍ പുഴയില്‍ നിന്നും തെക്കന്‍ ചല്ലിയിലേക്കുളള 200 മീറ്റര്‍ അനുബന്ധതോടും പുനര്‍ നിര്‍മ്മിക്കും. തെക്കന്‍ ചല്ലിയില്‍ നടുതോടും ഇടത്തോടുകളും നിര്‍മ്മിക്കും. ചെറോല്‍ താഴ, നമ്പൂരിക്കണ്ടിതാഴ, തുരുത്തിത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെളള പ്രതിരോധ തടയണകള്‍ (എസ്.ഡബ്യു.ഇ വി.സിബികള്‍)നിര്‍മ്മിക്കും.
നമ്പൂരിക്കണ്ടിതാഴയില്‍ പമ്പിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതിനായി 40 എച്ച്പി ശേഷിയുളള മോട്ടോര്‍ സ്ഥാപിക്കും. ഒറവിങ്കല്‍ താഴെ മുതല്‍ നടുത്തോടും കൈത്തോടുകളും ആവശ്യമുളള ഇടങ്ങളില്‍ വീതിയിലും ആഴത്തിലും തോടുകള്‍ നിര്‍മ്മിക്കും. തോടിന്റെ വശങ്ങളില്‍ ട്രാക്ടര്‍ പോകുന്ന രീതിയില്‍ ബണ്ടുകള്‍ ഉണ്ടാവും. പ്രധാന തോടുകള്‍ ചേരുന്ന തുരുത്തിയില്‍ താഴ ഭാഗത്ത് വി.സി.ബി നിര്‍മ്മാണം, പീറ്റക്കണ്ടി വി.സി.ബി പുതുക്കി പണിയല്‍, പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിക്കുന്നതിനുവേണ്ടി എട്ട് ചെറുകുളങ്ങളുടെ നിര്‍മ്മാണം എന്നീ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായുണ്ട്.
വി.സി.ബികളുടെ നിര്‍മ്മാണത്തിന് രണ്ടേമുക്കാല്‍ കോടി രൂപയാണ് കണക്കാക്കിയത്. നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുളള ഭാഗങ്ങളില്‍ നെല്‍കൃഷി പ്രയോഗികകമല്ലെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവിടെ മത്സ്യകൃഷി, താറാവ് കൃഷി എന്നിവ നടത്തുകയും, കൂടുതല്‍ വെളളക്കെട്ടുളള ഭാഗങ്ങള്‍ ടുറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കാനുമാണ് പദ്ധതി. ഈ പ്രവൃത്തികള്‍ക്കെല്ലാം കൂടിയാണ് 20.7 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതെന്ന് മൈനര്‍ ഇറിഗേഷന്‍ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.വല്‍സരാജ് പറഞ്ഞു.
പ്രവൃത്തികള്‍:
1-വെളിയണ്ണൂര്‍ ചല്ലിയിലെ നടുത്തോട് ബലപ്പെടുത്തുക, നടുത്തോടുമായി ബന്ധപ്പെടുത്തി റോഡ് സൗകര്യം ഏര്‍പ്പെടുത്തുക.
2-അധിക ജലം ഒഴിവാക്കാന്‍ നടുത്തോടിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക.
3-നടുത്തോടുമായി ബന്ധപ്പെടുത്തി ആവശ്യമായ ഇടങ്ങളില്‍ അനുബന്ധ തോടുകള്‍
നിര്‍മ്മിക്കുക.
4-വരള്‍ച്ച കാലത്ത് ഉപയോഗപ്പെടുത്താനായി എട്ടിടങ്ങളില്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുക.
5-നിലവിലുളള മൂന്ന് വ.സി.ബികള്‍ പുനര്‍ നിര്‍മ്മിക്കുക. തുരുത്തി താഴ പുതിയ വി.സി.ബി നിര്‍മ്മിക്കുക.
6-ചെറോല്‍പ്പുഴയുടെ വികസനം