സ്ഥലം തരം മാറ്റാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം; പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്.
പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോട് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത് ആയിരുന്നു പെട്രോൾ പമ്പ് വരേണ്ടത്. ഒരേക്കർ ഭൂമിയിലെ 30 സെന്റ് തരം മാറ്റാനായിരുന്നു അപേക്ഷ. ഇതിനായി അനിൽകുമാർ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50000 രൂപ വാങ്ങാനായി മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ എത്തിയപ്പോഴാണ് അനിൽ പിടിയിലാകുന്നത്.
15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫീസറായി ജോലി ചെയുന്നു. ഈ വർഷമാണ് പന്തീരാങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്.
Description: 2 lakh bribe to change land type; pantheerankavu village officer arrested