”നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിന് ആറുമീറ്റര്‍ വീതി ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുക”; സി.പി.ഐ.എം കൊല്ലം ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിന് ആറുമീറ്ററെങ്കിലും വീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കൊല്ലം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍വ്വീസ് റോഡിന് പലയിടത്തും വീതി വളരെ കുറവാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിയ്യൂരില്‍ മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. പി.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ഷൈജു, സി.കെ.ഹമീദ്, പ്രജില എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. എം.പത്മനാഭന്‍ പതാക ഉയര്‍ത്തി. പി.കെ. ഷൈജു രക്തസാക്ഷി പ്രതിജ്ഞയും സി.കെ. ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.ദാസന്‍, ടി.കെ.ചന്ദന്‍ മാസ്റ്റര്‍ , അഡ്വ: എല്‍.ജി.ലിജീഷ്, കെ.ഷിജു മാസ്റ്റര്‍, ബാബുരാജ്, സി. അശ്വനി ദേവ്, കെ.സത്യന്‍, കെ.ടി.സിജേഷ്, ആര്‍.കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.ഷൈജു സ്വാഗതവും കണ്‍വീനര്‍ ജിംനേഷ് നന്ദിയും പറഞ്ഞു. എന്‍.കെ.ഭാസ്കരന്‍ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.