ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണു; തലശ്ശേരിയില്‍ പതിനാലുകാരന് ദാരുണാന്ത്യം


തലശ്ശേരി: മാടപ്പീടികയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെയായിരുന്നു അപകടം. കല്‍തൂണ്‍ ഇളകി പെട്ടെന്ന് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹേഷ്-സുനില ദമ്പതികളുടെ മകനാണ് ശ്രീനികേത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവില്‍ സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.