സ്‌കൂളിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യക്കുറവും ഉടന്‍ പരിഹരിക്കണം; നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ എസ്.എഫ്.ഐ യുടെ പഠിപ്പ് മുടക്ക് സമരം


പേരാമ്പ്ര: നവംബര്‍ 4ന് എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക് സമരം. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യക്കുറവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശുചിമുറികള്‍, കുടിവെള്ളം, കളിസ്ഥലം, പഠനോപകരണങ്ങള്‍ എന്നിവ സ്‌കൂളില്‍ സാരമായി കുറവാണ്.

ഇത് പരിഹരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ തീരുമാനമെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെ

വൃത്തിയുള്ള ശുചിമുറികളുടെ അഭാവം:

സ്‌കൂളില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ പഠിക്കുന്നതിനാല്‍ വൃത്തിയുള്ള ശുചിമുറികളുടെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍, അടിസ്ഥാനമായ ശുചിമുറികള്‍ പോലും ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ക്കു മികച്ച ആരോഗ്യപരിപാലനം ഇല്ലാതാക്കുന്നു. ശുചിമുറികളുടെ കുറവ് മൂലം വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതായും എസ്.എഫ് ഐ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളിന്റെ പാചകപ്പുര വൃത്തിഹീനമായ അവസ്ഥയിലാണ്, കൂടാതെ ആവശ്യത്തിന് മൂത്രപുരകളും പാചകസൗകര്യങ്ങളും ഇല്ല. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം മാനേജ്‌മെന്റ് പൂര്‍ണമായും അവഗണിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

സ്‌കൂളിലെ 2,000-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കളിസ്ഥലം പോലും ലഭ്യമല്ല. ഒടുവില്‍, അധ്യാപകരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടമായി കളിസ്ഥലം ഉപയോഗിക്കുന്നു. ഒരു കായികാധ്യാപകനെ നിയമിച്ചിട്ടുണ്ടെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റുകളോ കളിക്കളങ്ങളോ ലഭ്യമല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.