കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം പ്രവൃത്തിക്ക് 120 കോടിയുടെ ഭരണാനുമതി
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തോടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ഭരണാനുമതിയായി.
ആദ്യ ഘട്ടമായി 85 കോടിരൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനില്‍ നിന്നും കണക്ഷന്‍ ലൈന്‍ വലിക്കുകയും നഗരസഭയിലെ വലിയമല, കോട്ടക്കുന്ന്, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
വിതരണ ശൃംഖല വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് രണ്ടാം ഘട്ടം. വാട്ടര്‍ അതോറിറ്റി വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് 79 കോടി രൂപ ഫിക്‌സ് ചെയ്ത് കിഫ്ബി നേരെത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് പദ്ധതിക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു.
ഇപ്പോള്‍ പുതുക്കിയ റേറ്റ് അനുസരിച്ച് കെ.ഡബ്ല്യു.എ തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അനുസരിച്ച് 120 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹാരം എന്ന ലക്ഷ്യത്തിന് വേഗത കൂടുകയാണ്.