വിരണ്ടോടിയത് വെടിക്കെട്ട് നടക്കുന്നതിനിടെ, കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത് കെട്ടിടം മറിഞ്ഞുവീണ്; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി ഗുരുതരമായി പരിക്കേറ്റ 12 പേര്‍ മെഡിക്കല്‍ കോളേജില്‍


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി (70), ഉള്ളൂർ കാര്യത്ത് വീട് രാജൻ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരാണ് മരണപ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവതി (68), വാസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്. പീതാബരൻ, ഗോഗുൽ (ഗുരുവായൂർ) എന്നീ ആനകളാണ് വിരണ്ടോടിയത്‌.

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിലും പ്രവേശിപ്പിച്ചു. ഏഴ് സ്ത്രീകളും, നാല് പുരുഷന്മാരും, ഒരു പെണ്‍കുട്ടിയുമടക്കം ഗുരുതരമായി പരിക്കേറ്റ 12 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റു ചിലര്‍ക്ക് ക്ഷേത്ര മുറ്റത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. ചിതറിയോടുന്നതിനിടെ കൂട്ടത്തോടെ നിലത്ത് വിണാണ് പലര്‍ക്കും പരിക്കേറ്റത്. ഉത്സവത്തിന്റെ സമാപനദിനമായ ഇന്ന് വരവുകള്‍ കാണാനും പങ്കെടുക്കാനും നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയത്.

Description: 12 people were seriously injured in the Virandotiyam Koyilandy Manakulangara temple festival