റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്


തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റുതിരുത്താന്‍ പദ്ധതി ഒരുങ്ങുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15 ന് ആരംഭിക്കും. തെറ്റു തിരുത്തുന്നതോടൊപ്പം അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായാണ് പദ്ധതി ഒരുക്കുന്നത്.

റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍, എല്‍പിജി വിവരങ്ങള്‍ തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തിനല്‍കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടുനില്‍ക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടാതെ റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍, ഗുണനിലവാരം, അളവ്, ലൈസന്‍സിയുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും തെളിമ വഴി സ്വീകരിക്കും. എന്നാല്‍ റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിയ്ക്കില്ല.