കൂമുള്ളിയിലെ വാഹനാപകടം; മരിച്ചത് മലപ്പുറം സ്വദേശി, അപകടം ജോലി ആവശ്യത്തിനായി പോകുന്നതിനിടെ
അത്തോളി: കൂമുള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ചത് മലപ്പുറം സ്വദേശി. ചെമ്മാട് മുന്നിയൂര്‍ സലാമത്ത്നഗര്‍ വിളിവെള്ളി രതീഭ് (35, ദീപു) ആണ് മരിച്ചത്. ഉള്ളേരി-അത്തോളി റൂട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ ജോലിചെയ്യുകയാണ് രതീഭ്. ആഴ്ചയില്‍ കടകളില്‍ കലക്ഷന്‍ എടുക്കാന്‍ പതിവുപോലെ ഉള്ളേരി ഭാഗത്തുനിന്ന് അത്തോളി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൂമുള്ളി ക്ഷീരസം ഘത്തിന് സമീപത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ രതീഭിനെ നാട്ടുകാര്‍ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബസ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്: കൃഷ്ണന് നായര്‍. അമ്മ: രമ. ഭാര്യ: അശ്വനി മകള്‍ ദേവനന്ദ.