ഹാർബർ, താലൂക്ക് ആശുപത്രി, കോരപ്പുഴ പാലം… എം.എൽ.എ ആയിരുന്ന പത്ത് വർഷം കൊണ്ട് കെ.ദാസൻ നടപ്പാക്കിയത് എണ്ണമറ്റ വികസന പദ്ധതികൾ; Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയുടെ വാർത്താ താരത്തിൽ കൊയിലാണ്ടിക്കാരുടെ സ്വന്തം ദാസേട്ടൻ


കൊയിലാണ്ടി: ദാസേട്ടന്‍. കൊയിലാണ്ടിയുടെ മുന്‍ എം.എല്‍.എയായ കെ.ദാസനെ കൊയിലാണ്ടിക്കാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതാണ്. അദ്ദേഹം എത്രത്തോളം ജനകീയനാണ് എന്നതിന് ഇതിനപ്പുറമൊരു തെളിവ് വേണ്ട.

എന്തിനുമേതിനും ഓടിയെത്തുന്ന പൊതുപ്രവര്‍ത്തകന്‍ എന്നത് മാത്രമല്ല, ജനപ്രതിനിധി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ മാറ്റ് കൂട്ടിയത്. ഇപ്പോള്‍ ജനപ്രതിനിധിയല്ലെങ്കിലും പൊതുപ്രവര്‍ത്തന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി തുടരുകയാണ് ഈ അറുപത്തിയൊന്‍പതുകാരന്‍.

കൊയിലാണ്ടി നഗരസഭയുടെ അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പരിചയവുമായാണ് 2011 ല്‍ കെ.ദാസന്‍ തന്റെ ആദ്യ നിയമസഭാ പ്രവേശനം നടത്തുന്നത്. കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് സി.പി.എം പിടിച്ചെടുത്ത കൊയിലാണ്ടി സീറ്റ് കെ.ദാസനിലൂടെ എല്‍.ഡി.എഫ് നിലനിര്‍ത്തി. എം.എല്‍.എ എന്ന നിലയിലും കൊയിലാണ്ടിക്കായി നിരവധി പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹം നടപ്പാക്കിയത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 2016 ലെ തെരഞ്ഞെടുപ്പിലും കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് കെ.ദാസന്‍ നിയമസഭയിലെത്തി. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ.പി.അനില്‍കുമാറിനെ 4139 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച അദ്ദേഹം 2016 ല്‍ കോണ്‍ഗ്രസിന്റെ എന്‍.സുബ്രഹ്മണ്യനെ ഭൂരിപക്ഷം ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് 13369 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ വേണ്ട എന്ന സി.പി.എം നയം കാരണമാണ് കെ.ദാസന് 2021 ല്‍ കാനത്തില്‍ ജമീലയ്ക്കായി വഴി മാറേണ്ടി വന്നത്.

എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹം കൊയിലാണ്ടിയില്‍ നടപ്പാക്കിയത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊയിലാണ്ടി ഹാര്‍ബര്‍. പുലിമുട്ടുകളുടെ നീളത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് കൊയിലാണ്ടിയിലേത്. 2020 ഒക്ടോബര്‍ ഒന്നിന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊയിലാണ്ടി ഹാര്‍ബര്‍ നാടിന് സമര്‍പ്പിച്ചത്.

കൊയിലാണ്ടി ഹാര്‍ബര്‍

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഹാര്‍ബറിന്റെ നിര്‍മ്മാണം 66.07 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. ഹാര്‍ബറില്‍ 2,515 മീറ്റര്‍ നീളമുള്ള പുലിമുട്ടുകള്‍, 180 മീറ്റര്‍ നീളമുള്ള വാര്‍ഫുകള്‍, 510 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലേലഹാള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, അഴുക്കുചാലുകള്‍, ജലലഭ്യത, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കടമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

കൊയിലാണ്ടിയിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ വികസനത്തിനും ചുക്കാന്‍ പിടിച്ചത് കെ.ദാസനാണ്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആറ് നില കെട്ടിടം 2018 ല്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. 19 കോടിയോളം രൂപ ചെലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളും അന്ന് തന്നെ ഉണ്ടായിരുന്നു.

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

താലൂക്ക് ആശുപത്രിക്കായി പുതിയ ചുറ്റുമതിലും കവാടവും നിര്‍മ്മിച്ചത് 2019 ലാണ്. കെ.ദാസന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിച്ചത്. കെ.ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് നവീകരിച്ച ചുറ്റുമതിലും കവാടവും നാടിന് സമര്‍പ്പിച്ചത്.

നഗരഹൃദയത്തില്‍ തന്നെയുള്ള കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ മുഖഛായ തന്നെ മാറ്റിയത് കെ.ദാസന്‍ എം.എല്‍.എയായിരിക്കെയാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി കോടതി ഉള്‍പ്പെടെ നഗരത്തോട് ചേര്‍ന്ന എല്ലാ കെട്ടിടങ്ങളുടെയും ചുറ്റുമതിലുകള്‍ പുനര്‍നിര്‍മ്മിച്ചു.

കൊയിലാണ്ടി കോടതിക്ക് മുന്നിൽ നിർമിച്ച കവാടം അന്നത്തെ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്യുന്നു (വലത് വശത്ത് കോടതിയുടെ കവാടം)

കൊയിലാണ്ടി മണ്ഡലത്തിന്റെ തെക്കേ അതിര്‍ത്തിയിലുള്ള കോരപ്പുഴ പാലം പൂര്‍ണ്ണമായി പൊളിച്ച് പുതിയ പാലം നിര്‍മ്മിച്ചതിനായി പ്രവര്‍ത്തിച്ചതും ദാസനാണ്. കിഫ്ബിയില്‍ നിന്ന് 26 കോടി രൂപ ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് പാലം നിര്‍മ്മിച്ചത്. 12 മീറ്റര്‍ വീതിയുള്ള പാലത്തില്‍ ഏഴര മീറ്റര്‍ വീതിയിലാണ് റോഡ്. ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകള്‍ ഇരുവശത്തുമുണ്ട്. ഇരുകരകളിലുമായി 150 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ട്.

പുനർനിർമ്മിച്ച കോരപ്പുഴ പാലം

മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഫണ്ട് അനുവദിച്ചത്, റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാന്‍ മുന്‍കൈയെടുത്തു, മണ്ഡലത്തിലെ ജലസ്രോതസ്സുകള്‍ നവീകരിച്ചു, കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം ലഭിക്കുന്ന തരത്തില്‍ ഉയര്‍ത്തി, എന്നിങ്ങനെ എണ്ണമില്ലാത്തത്ര പദ്ധതികള്‍ കൊയിലാണ്ടിയിലെ ജനങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുണ്ട് കെ.ദാസന്‍. അദ്ദേഹം ആരംഭിച്ച പല പദ്ധതികളും പിന്‍ഗാമിയായ കാനത്തില്‍ ജമീല തുടരുന്നുണ്ട്.

ജനപ്രതിനിധിയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും നടത്തിയ പ്രവര്‍ത്തനങ്ങളാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ജനകീയ വോട്ടിങ്ങിനായുള്ള ആദ്യപട്ടികയില്‍ കെ.ദാസന് ഇടം നല്‍കിയത്. കെ.ദാസനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ.