സുനാമി ക്വാട്ടേഴ്സിലെ അനധികൃത താമസം:തീയതികൾ പലതും കഴിഞ്ഞിട്ടും ആളൊഴിഞ്ഞില്ല; തിക്കോടിയിൽ സി.പി.എം പ്രതിഷേധം


തിക്കോടി: തീയ്യതികൾ പലതും കഴിഞ്ഞിട്ടും സുനാമി ക്വാട്ടേഴ്സിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ ഇപ്പോഴും കടലിസ്സിൽ മാത്രം. ഇതിനെതിരെ ശതമായ നിയമ നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി സി.പി.എം. അർഹതപ്പെട്ടവർക്ക് ക്വാർട്ടേഴ്സ് അനവദിക്കാനുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ച് സി.പി.എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.

സമരം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. R വിശ്വൻ അദ്ധ്യക്ഷനായി.ഈ കഴിഞ്ഞ തിങ്കളാഴ്ചയോടെ വീട് ഒഴിയണമെന്ന കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ചില കുടുംബങ്ങൾ വിമുഖത കാട്ടുകയാണ്. നിലവിൽ താമസിക്കുന്ന പലരും പണം മുടക്കി വീട് മോഡി പിടിപ്പിച്ചിരുന്നു. പന്ത്രണ്ടു വര്ഷത്തോളമായി ഇവിടെ താമസിച്ചിട്ടു ഇറങ്ങി കൊടുക്കാൻ പറയുമ്പോൾ അതിനിയും അംഗീകരിക്കാൻ ആ വീട്ടുകാർക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച തിക്കോടി ഗ്രാമപഞ്ചായത്തിലെ സുനാമി പുനരധിവാസ ക്വാര്‍ട്ടേഴ്‌സില്‍ ഉദ്യോഗസ്ഥരെത്തിയിരുന്നു. രണ്ട് ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന മുന്നറിയിപ്പ് നല്‍കാനായാണ് തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എത്തിയത്. അതിനു മുൻപത്തെ തവണ പോലീസിനൊപ്പമാണ് ഉദ്യോഗസ്ഥര്‍ ചെന്നത്.

വീട് ഒഴിവാനായി പലവട്ടം പറഞ്ഞതാണെന്നും പെട്ടെന്നുള്ള നടപടിയല്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. നടപടികൾ കൃത്യമായി തന്നെ നടക്കുമെന്നും വില്ലജ് ഓഫീസർ ദിനേശൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞിരുന്നത്. ‘രണ്ടു വീട്ടുകാർ വീടൊഴിഞ്ഞ് നൽകി, ഇനിയുള്ള കുടുംബം വീടൊഴിയാൻ വിമുഖത കാട്ടുന്നുണ്ടെന്നും അതിനെതിരെയുള്ള നടപടികൾ ഉടൻ തന്നെ എടുക്കുമെന്നും പറഞ്ഞു. എന്നാൽ ഇനിയും ചില കുടുംബങ്ങൾ വീട് വിട്ടൊഴിഞ്ഞിട്ടില്ല.

സമരത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.വി.രാമക്യഷ്ണൻ, ടി. ഷീബ, സുരേഷ് ചങ്ങാടത്ത് എന്നിവർ അഭിവാദ്യം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, കെ.വി. സുരേഷ് കുമാർ. കെ.വി.രാജീവൻ , വി.എം സുനിത, സി. ലക്ഷ്മി, എന്നിവർ നേതൃത്വം നൽകി. തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

തിക്കോടി പഞ്ചായത്ത് കേന്ദ്രികരിച്ച് ഇരുപതോളം വീടുകൾ ആണ് പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ചത്. വി.എസ് അച്യുതാനന്ദൻ മന്ത്രി സഭയുടെ കാലഘട്ടത്തിലാണ് താക്കോൽ കൈമാറിയത്. എന്നാൽ ഇതിലെ നാലു വീടുകളിൽ അനർഹർ താമസിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. ഇത് കൂടാതെ രണ്ടു വീടുകളിൽ ആൾതാമസമില്ലായെന്നും നാട്ടുകാർ പറയുന്നു. വീടില്ലാത്ത അർഹരായ ആറു കുടുംബങ്ങൾക്കുള്ള അവസരമാണ് ഈ പ്രവർത്തിയിലൂടെ നഷ്ടപ്പെടുത്തിയത്.

ഈ അക്രമത്തിനെതിരെ കലക്ടറിന് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വില്ലേജ് ഓഫീസർ അന്വേഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി അവിടെ അനർഹരാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ട് തയ്യാറാക്കപ്പെടുകയുണ്ടായി.

ഡിസംബർ പതിനാലാം തിയതി കളക്ടറേറ്റിൽ യോഗം കൂടുകയും ഉടനടി ഇവരെ ഒഴിപ്പിക്കണമെന്ന് ഉത്തരവ് നൽകി. കഴിഞ്ഞ മാസം ആറാം തിയതി എല്ലാ വീട്ടുകാർക്കും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം ഒഴിപ്പിക്കണമെന്ന് ഓർഡർ നൽകുകയായിരുന്നു. എന്നാൽ ഇതുവരെയും അർഹരായവർക്ക് വീട് ലഭിച്ചിട്ടില്ല