സിനിമ എന്നെ അംഗീകരിക്കാതിരുന്നിട്ടില്ല, അവസരം കുറഞ്ഞതിന് കാരണം ഞാന്‍ തന്നെയാണ്; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം മത്സരാര്‍ത്ഥി ഷാഫി കൊല്ലം തന്റെ സ്വപ്‌നങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസുതുറക്കുന്നു
കൊയിലാണ്ടി: ആല്‍ബം പാട്ടുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കൊയിലാണ്ടിയുടെ അഭിമാനമായി മാറിയ പാട്ടുകാരനാണ് കൊല്ലം ഷാഫി. ഷാഫിയെഴുതിയ വരികളും അദ്ദേഹത്തിന്റെ ശബ്ദവും മലയാളികളുടെ മനംകവര്‍ന്നു. ഇന്ന് സിനിമാ രംഗത്തും സജീവമാകുകയാണ് ഷാഫി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിലെ സൂഫി വരികളിലൂടെയും സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സൂഫി വരികളിലൂടെയും ഷാഫി ശ്രദ്ധനേടിക്കഴിഞ്ഞു.
പാട്ടുകാരന്‍, ഗാനരചയിതാവ് എന്നീ രംഗത്തെല്ലാം തിളങ്ങിയ ഷാഫി ഇതിനൊപ്പം തനിക്ക് അഭിനയരംഗത്തും സജീവമാകാന്‍ താല്‍പര്യമുണ്ടെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘അഭിനയവും പാഷനാണ്. രണ്ടുപടങ്ങളില്‍ അഭിനയിച്ചു. ഒരു പടത്തില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് നല്ല പാട്ടുകള്‍ എഴുതാനും കമ്പോസ് ചെയ്യാനും അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ചെയ്യുകയെന്നുമാണ് ആഗ്രഹം. ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്. സ്റ്റാര്‍മാജിക് പോലുള്ള പരിപാടികളിലെ സ്‌കിറ്റുകളില്‍ അവസരം ലഭിക്കാന്‍ കാരണം അഭിനയ സാധ്യതകൂടിയുണ്ട് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഞാന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അഭിനയ രംഗത്ത് സജീവമാകാനാണ് താല്‍പര്യം.’ അദ്ദേഹം പറയുന്നു.
അതേസമയം, സിനിമാ പിന്നണിഗാനരംഗത്ത് അത്ര സജീവമല്ലാത്തതിന് കാരണം താന്‍ തന്നെയാണെന്നാണ് ഷാഫി പറയുന്നത്. ‘ പത്തുപതിനഞ്ച് വര്‍ഷം മുമ്പേ തന്നെ സിനിമയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. അവരോടാരോടും തന്നെ സിനിമയില്‍ അവസരം വേണമെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. സിനിമയില്‍ ഒരു പാട്ടുപാടുന്നതിനെക്കുറിച്ചൊക്കെ അവരില്‍ ചിലര്‍ പറഞ്ഞപ്പോള്‍ മലയാള സിനിമാ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന പവിത്രതയൊക്കെ മാനിച്ചുകൊണ്ട് എനിക്ക് എടുത്താല്‍ പൊങ്ങൂല, ഞാന്‍ പാടിയാല്‍ ശരിയാവൂല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അല്ലാതെ സിനിമ എന്നെ അംഗീകരിക്കാതിരുന്നിട്ടില്ല. ഞാന്‍ എന്റെ ഭയപ്പാടുകൊണ്ട് തന്നെയാണ് മലയാള സിനിമയിലേക്ക് വരാത്തത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുകയൊന്നും ചെയ്തിട്ടില്ല. ഒരിക്കലും സിനിമയില്‍ അവസരം കിട്ടാത്തതിന് ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അതിന്റെ കാരണം ഞാന്‍ തന്നെയാണ്. ഞാന്‍ വേണ്ടയെന്നുവെച്ചിട്ടാണ്. അല്ലാതെ സംഗീതം പഠിക്കാത്തതിന്റെ പേരിലോ മാപ്പിളപ്പാട്ടുകാരനായതുകൊണ്ടോ മാറ്റിനിര്‍ത്തുന്ന സംഭവമൊന്നും സിനിമാ രംഗത്തുനിന്നുണ്ടായിട്ടില്ല.’ ഷാഫി വ്യക്തമാക്കി.
കൊല്ലം ഷാഫിയെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….