വെള്ളം വറ്റിക്കലും ചളിനീക്കം ചെയ്യലും തകൃതി, ഇതിനിടയില്‍ മീന്‍പിടിക്കാനെത്തുന്നവരും കുറവല്ല: നവീകരണ പ്രവൃത്തികളുടെ ആവേശത്തില്‍ മുചുകുന്ന് കടുക്കുഴിച്ചിറ- വീഡിയോ


കൊയിലാണ്ടി: മുചുകുന്ന് കടുക്കുഴിച്ചിറ ആഴം കൂട്ടി നവീകരിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ചിറയിലെ വെള്ളം സമീപത്തെ കാപ്പ് എന്നറിയപ്പെടുന്ന നീര്‍ത്തടത്തിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പു ചെയ്യുകയാണ് ചെയ്യുന്നത്. മൂന്ന് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് ചിറയിലെ ചളി ഒരുഭാഗത്തേക്ക് മാറ്റി വെള്ളം ഒരുഭാഗത്തേക്കായി നിലനിര്‍ത്താനും തുടങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വെള്ളം വറ്റിക്കാന്‍ തുടങ്ങിയതോടെ മീന്‍പിടിക്കാനെത്തുന്നവരുടെ ബഹളമാണ് കടുക്കുഴിയില്‍. പമ്പുചെയ്യുന്ന വെള്ളത്തിനരികിലും ചിറയിലെ ചളിയിലുമെല്ലാം ഇറങ്ങി മീന്‍പിടിക്കാന്‍ ദൂരെയിടങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് ഇവിടെയെത്തുന്നത്.

തുടര്‍ന്ന് അരികുകള്‍ കരിങ്കല്ലുപയോഗിച്ച് കെട്ടി ഉയര്‍ത്തും. കേരള ലാന്‍ഡ് ഡെവലപ്പ്മെന്റ് ബോര്‍ഡാണ് ചിറ നവീകരണത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്.

മൂടാടി പഞ്ചായത്തിലെ ഏറ്റവും വലിയ ജല സ്രോതസ്സാണ് കടുക്കുഴിച്ചിറ. അഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഈ ജലാശയത്തിന്. പണ്ടുകാലത്ത് മണ്‍പാത്ര നിര്‍മാണത്തിനും ഓട് നിര്‍മാണത്തിനുമായി വന്‍തോതില്‍ കളിമണ്‍ എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണിത്. കൃഷിയ്ക്കും മറ്റും ഈ വെള്ളം വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പായലും മറ്റും വളര്‍ന്ന് ജലം ഉപയോഗശൂന്യമായി. കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. ഇതോടെയാണ് ചിറ നവീകരണ പ്രവൃത്തികള്‍ക്ക് വേഗം കൈവന്നത്.

സി.പി.എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുകുളങ്ങല്‍ ശുചീകരിക്കുന്ന പദ്ധതിയില്‍ മൂടാടി പഞ്ചായത്തില്‍ നിന്നും ഈ കുളം തെരഞ്ഞെടുക്കുകയും നാട്ടുകാരുടെ സഹായത്തോടെ കുളം ശുചീകരിക്കുകയും ചെയ്തിരുന്നു. ഈ കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമം നടത്തുമെന്ന് അന്നത്തെ എം.എല്‍.എ കെ. ദാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കടുക്കുഴി ചിറ നവീകരിക്കുന്നതോടെ ആ പ്രദേശത്തെ കുടിവെള്ളം പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം സംഭരിക്കാനും കഴിയും. ഇതിനടുത്തുള്ള നെല്‍വയലുകളില്‍ കൃഷിയ്ക്കായി ഈ വെള്ളം ഉപയോഗപ്പെടുത്താന്‍ കഴിയും. സമീപത്ത് പച്ചക്കറി കൃഷിയും ചെയ്യാന്‍ കഴിയും. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും ഈ കുളം ഉപയോഗപ്പെടുത്താന്‍ കഴിയും.

കുളത്തിനുചുറ്റും നടപ്പാതയും ഒരുക്കുന്നുണ്ട്. ഇവിടെ ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. കൂടാതെ ഇവിടെ കുട്ടികള്‍ക്കുവേണ്ടി പാര്‍ക്ക് ഒരുക്കാനും പഞ്ചായത്തിനു പദ്ധതിയുണ്ട്.