വിയ്യൂർ ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി: ഇന്ന് പ്ലാവ് കൊത്തല്‍ ചടങ്ങ്
കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തടങ്ങി. മാര്‍ച്ച് രണ്ടു മുതല്‍ (കുംഭം പതിനെട്ട്) മാര്‍ച്ച് ഏഴുവരെയാണ് ഉത്സവാഘോഷം.
ഇന്ന് രാവിലെ നടന്ന പ്ലാവ് കൊത്തല്‍ ചടങ്ങുകളോടെ ഉത്സവാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പുളിയോറത്ത് ദിപിന്‍ ഹരിയുടെ വീട്ടുപറമ്പിലെ പ്ലാവാണ് കൊത്തിയത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് ആറാം തിയ്യതി പുലര്‍ച്ചെ നടക്കുന്ന കനല്‍ നിവേദ്യത്തിനുവേണ്ടിയുള്ള പ്ലാവാണ് കൊത്തുന്നത്. ഓരോ വര്‍ഷവും പ്രദേശവാസികളാരെങ്കിലും നേര്‍ച്ചയായി നല്‍കുന്ന പ്ലാവാണ് മുറിക്കുന്നത്.
മാര്‍ച്ച് രണ്ടിന് ഉണിക്യാംകണ്ടി ചോയി കീഴരിയൂരിന്റെ പറമ്പില്‍ നിന്നും കൊടിയേറ്റത്തിനുള്ള മരംമുറിക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചുവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് ബ്രഹ്‌മശ്രീ കുബേരന്‍ സോമയാജിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും. മാര്‍ച്ച് ഏഴ് തിങ്കളാഴ്ച രാത്രി കുളിച്ചാറാട്ടിന് ശേഷം വാളകം കൂടുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയാകും.