മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ, ജനൽക്കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ; ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജാലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വടകര എസ്.പിക്ക് പരാതി നല്കി ബന്ധുക്കൾ
ബാലുശ്ശേരി: കൊടുവള്ളി മാനിപുരം സ്വദേശി തേജാലക്ഷ്മി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതിനെ തുടർന്ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ വടകര എസ്.പിക്ക് പരാതി നല്കി. വിവാഹം കഴിഞ്ഞ് പത്താം നാൾ രാവിലെ തേജാലക്ഷ്മിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുണ്ടംപുറത്ത് ജിനുകൃഷ്ണയുമായി ഈ മാസം ഒൻപതാം തിയ്യതിയായിരുന്നു വിവാഹം.
ഫെബ്രുവരി പത്തൊൻപതാം തീയതിയാണ് തേജാലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന് ഭര്‍ത്താവ് ജിനു വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് ചെന്ന് നോക്കുമ്പോൾ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു തേജാലക്ഷ്മി. പക്ഷെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയില്‍ കാണപ്പെട്ടിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സി.പി.എം മാനിപുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
മരണപെടുന്നതിനു പത്തു ദിവസം മുൻപ് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായതിനെ തുടർന്ന് തുടർന്ന് ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈകീട്ട് നാലരയോടെ തേജാലക്ഷ്മിയും ജിനുകൃഷ്ണയും കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും വിവാഹിതരായതിന്റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജിനുകൃഷ്ണയോടൊപ്പം പോവുകയുമായിരുന്നു.
ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു തേജാലക്ഷ്മി. മാനിപുരം കാവില്‍ മുണ്ടംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്.