മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം; കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കുത്തേറ്റ് മരിച്ചു


കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പ്രതി പിടിയിൽ. പാറോപ്പടി മേലേ വാകേരിയില്‍ ഹംസക്കോയയുടെ മകന്‍ പതിയാരത്ത്‌ കെ.പി. ഫൈസല്‍ (43) ആണ്​​ കൊല്ലപ്പെട്ടത്‌. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം.

ലിങ്ക്‌ റോഡില്‍ സുകൃതീന്ദ്ര കല്യാണ മണ്ഡപത്തിന്‌ സമീപം വെളിച്ചമില്ലാത്ത സ്ഥലത്ത് ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.​  മദ്യലഹരിയിൽ ഫൈസലും പ്രതിയും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കായംകുളം സ്വദേശി ഷാനവാസാണ് ഫൈസലിനെ കുത്തിയത്. പ്രതിയെ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കൃത്യത്തിന്‌ ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓടിക്കയറുകയായിരുന്ന പ്രതിയെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് പിടികൂടുകയായിരുന്നു. റെയില്‍വേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ്‌ ഇയാളെ പിടിച്ച്‌ ടൗണ്‍ പൊലീസിന്‌ കൈമാറിയത്‌. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. സംഭവസ്ഥലത്ത് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ അനിതകുമാരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നഗരത്തിൽ കളിപ്പാട്ട വിൽപ്പന നടത്തി വരുകയാണ് ഷാനവാസ്.

 

 

ഇവർ സുഹൃത്തുക്കളായിരുന്നുവെന്നും ഇവർ തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന്‍റെ പ്രതികാരമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ഷാനവാസ്‌ പൊലീസിനോട്‌ സമ്മതിച്ചു‌.

ഫൈസല്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ടൗണ്‍ പൊലീസിലടക്കം കഞ്ചാവ്‌, അടിപിടി കേസുകൾ ഇയാളുടെ പേരിലുണ്ട്. വീട്ടുകാരുമായൊന്നും ഐയ്ക്ക് നാളുകളായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.

കുത്തേറ്റ ഫൈസലിനെ ഉടന്‍ ബീച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച്‌ ആശുപത്രി മോര്‍ച്ചറിയിൽ വച്ചു.