‘ഭയപ്പെടുത്തി നിലക്കുനിര്‍ത്താന്‍ നിങ്ങള്‍ക്കാവില്ല’ മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ ഓടിയെത്തി; കൊയിലാണ്ടിയില്‍ തകര്‍ത്ത കൊടിമരം ഒരു മണിക്കൂറിനുള്ളില്‍ പുനസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ വിലാപയാത്ര കൊയിലാണ്ടിയിലൂടെ കടന്നുപോയതിനു പിന്നാലെ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ കൊടിമരം നിമിഷങ്ങള്‍ക്കകം പുനസ്ഥാപിച്ചു. തകര്‍ക്കപ്പെട്ട കൊടിമരത്തിനു പകരം മറ്റൊരു കൊടിമരം കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊടിമരം തകര്‍ക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഓഫീസിലെ അഞ്ച് ജനല്‍ജില്ലുകള്‍ തകര്‍ന്നെന്ന് കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് വി.വി സുധാകരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഓട്ടോ സ്റ്റാന്റിലെ ഐ.എന്‍.ടി.യു.സിയുടെ കൊടിമരവും ഇന്നലെ രാത്രി തകര്‍ത്തിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന പി.ടി തോമസിന്റെ അനുസ്മരണ പരിപാടിയുടെ ഫ്‌ളക്‌സും തകര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അക്രമത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.വി. സുധാകരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് പയറ്റു വളപ്പില്‍, രജീഷ് വെങ്ങളത്ത് കണ്ടി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്, ജെറിന്‍ ബോസ്, റാഷിദ് മുത്താമ്പി, തന്‍ഹീര്‍ കൊല്ലം, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, സജിത്ത് കാവുംവട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ്സ് പ്രവരര്‍ത്തകരുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാറിന്റെ നേതൃത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.