ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി മോഹൻ ദാസ് അറസ്റ്റില്‍; ബിന്ദു അമ്മിണിക്കെതിരെ പരാതി നൽകി പ്രതിയുടെ ഭാര്യ


കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. വെള്ളയില്‍ തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണിപ്പോള്‍. അതേസമയം മോഹന്‍ ദാസിന്റെ ഭാര്യ റീജ ബിന്ദു അമ്മിണിക്കെതിരെ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ബുധനാഴ്ച വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹന്‍ദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുളളത്. മോഹന്‍ദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്റെ നിഗമനം. സംഘര്‍ഷത്തില്‍ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി.

തന്നെ ആക്രമിച്ച മോഹന്‍ദാസ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അതേസമയം നടുറോഡില്‍ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന ക്രിമിനലിസം കേരളത്തില്‍ വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു.