ആക്രമണങ്ങൾ തുടർകഥയാവുന്നു; ബിന്ദു അമ്മിണിക്ക് മുഴുവൻ സമയ സംരക്ഷണം ഏർപ്പെടുത്തി കൊയിലാണ്ടി പൊലീസ്


കോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അദ്ധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പൊലീസ് സംരക്ഷണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ബിന്ദു അമ്മിണിക്കു നേരെ ആക്രമണം ഉണ്ടായി. സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും എതിരെ ബിന്ദു അമ്മിണി പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിന്ദു അമ്മിണിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. അക്രമണത്തിനെതിരെ വ്യാപകമായി പരാതികളുയർന്നിരുന്നു.

ഇതോടെയാണ് രണ്ട് വനിതാ പൊലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചത്. ‘ പൂർണ്ണ സമയം പോലീസ്പൊ പ്രൊട്ടക്ഷൻ ഉണ്ടാകുമെന്നും പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ ഉണ്ടായിരിക്കുമെന്നും’ കൊയിലാണ്ടി സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മൂന്നു വർഷം മുമ്പ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷയ്ക്കു നിയോഗിച്ച പൊലീസുകാർക്കെതിരെ പരാതി നൽകിയതോടെ സംരക്ഷണം പിൻവലിക്കുകയായിരുന്നു.

ശബരിമല പ്രവേശനത്തിന് പിന്നാലെ നിരവധി തവണ ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെട്ടിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ച് വീഴ്ത്തി പരുക്ക് പറ്റുകയുണ്ടായി.