പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭവന നിര്‍മ്മാണത്തിന് അനുവദിച്ച തുക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ 2014-15 വര്‍ഷത്തില്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം ലഭിച്ച ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക വന്ന തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

നിശ്ചിത സമയത്ത് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പട്ടിക വിഭാഗത്തില്‍പെട്ട 72 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള തുക പൂര്‍ണമായും ലഭിച്ചിരുന്നില്ല. 53,950000രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഈ തുക വീണ്ടും അനുവദിക്കുകയായിരുന്നു. 47പേര്‍ക്ക് 33,5000 രൂപയാണ് ഇന്ന് വിതരണം ചെയ്തത്. ഇനി 27 പേര്‍ക്കാണ് തുക കൈമാറാനുള്ളത്.

വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി.വി. ബേബി, ബ്ലോക്ക് അംഗങ്ങളായ കെ.സജീവന്‍ മാസ്റ്റര്‍, പി.ടി അഷറഫ്, കെ.അജിത, പ്രഭാശങ്കര്‍, ഗിരിജ ശശി, കെ.കെ ലിസി, വി.ഇ.ഒ ഷൈജിത്ത്, ബീന ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.