പേരാമ്പ്രയിലെ വാര്‍ത്തകള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിക്കുന്നതിലൂടെ ശ്രദ്ധേയനായ വി.പി കുഞ്ഞ്യേത് അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ നടക്കുന്ന രാഷ്ട്രീയ ആനുകാലിക സംഭവങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ അറിയിക്കുന്നതിലൂടെ ശ്രദ്ധ നേടിയ വാരിയം പുതിയോട്ടില്‍ വി.പി കുഞ്ഞ്യേത് അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. പേരാമ്പ്ര കക്കാട് സ്വദേശിയാണ്.

ഏറെക്കാലം പ്രവാസിയായിരുന്ന കുഞ്ഞ്യേത് പ്രവാസ ജീവിതം അവസാനിച്ച് നാട്ടില്‍ വന്നശേഷമാണ് തന്റേതായ മാധ്യമപ്രവര്‍ത്തന ശൈലി പിന്തുടര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പേരാമ്പ്രയിലെ ദൈനംദിന കാര്യങ്ങള്‍ ലൈവായി റിപ്പോര്‍ട്ടു ചെയ്തുകൊണ്ട് അദ്ദേഹം പേരാമ്പ്രയ്‌ക്കൊപ്പമുണ്ട്.

കാലകാരാന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കുഞ്ഞ്യേത് എന്നും ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്റ്റുഡിയോ സെറ്റു ചെയ്തുകൊണ്ട് കലാകാരന്മാരെ അവിടേക്ക് ക്ഷണിക്കുകയും അവര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പേരാമ്പ്രയില്‍ ഒരു പുതിയ മാധ്യമ സംസ്‌കാരത്തിന് നേതൃത്വം കൊടുത്തയാളാമ് വി.പി. കുഞ്ഞ്യേതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അനുസ്മരിച്ചു. പേരാമ്പ്രയില്‍ നടക്കുന്ന ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും മറ്റ് പ്രാദേശിക വിഷയങ്ങളും വേണ്ടി ഫേസ്ബുക്കിലൂടെ ലൈഫ് ചെയ്തുകൊണ്ട് ലോകത്താകമാനമുള്ള മലയാളികളെ അറിയിക്കുന്ന വേറിട്ട മാധ്യമപ്രവര്‍ത്തന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചതെന്നും പ്രമോദ് പറഞ്ഞു.

ഭാര്യ: സഫിയ. മക്കള്‍: ഫെമിന, ഫാസില്‍. സംസ്‌കാരം ഇന്ന് രാവിലെ ചേനോളി പള്ളിയില്‍ നടന്നു.