ആ നിലവിളി ആരും കേട്ടില്ല, ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു; അന്വേഷണത്തിനൊടുവില്‍ സമീപത്തെ കുളത്തില്‍ കണ്ടത് ഭാര്യയുടെയും മകന്റെയും മൃതശരീരങ്ങള്‍
നാദാപുരം: പതിവ് പോലെ ഹോട്ടലിലെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്ത് ഭാര്യ രൂപയെയും കുഞ്ഞിനേയും അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടെത്താനായില്ല. വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഒന്നരവയസുള്ള പിഞ്ച് കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ട്. അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളക്കുന്നുണ്ട്.
ഉടനെ തന്നെ സുജിത്ത് വിവരം സമീപ വാസികളെ അറിയിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വിപുലയമായ അന്വേഷണം ആരംഭിച്ചു.
ഒടുവിൽ പുറമേരിയിലെ കുളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ രൂപയുടെ മൃതദേഹം കണ്ടെത്തി. അൽപ്പം കഴിഞ്ഞപ്പോൾ മകന്‍ ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി. വീടിന്റെ സമീപത്തെ കുളത്തിലാണ് മുപ്പത്താറുകാരിയായ രൂപയുടെയും ഏഴു വയസ്സുകാരൻ അധിദേവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാർ ചേർന്നാണ് മൃതദേഹങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ തന്നെ മൃതശരീരം നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അബദ്ധത്തില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രൂപയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. കുറച്ചുസമയം മുമ്പുവരെ ആദിദേവ് സമീപത്തെ കുട്ടികളുമായി കളിച്ചിരുന്നു. പഠിക്കാനുണ്ടെന്ന് പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയതെന്നാണ് അയല്‍വീട്ടിലെ കുട്ടികള്‍ പറഞ്ഞത്. വീട്ടില്‍ കുടുംബപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൃതദേഹങ്ങൾ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി പോസ്റ്റുമാർട്ടം നടത്തുമെന്ന് നാദാപുരം പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.