പുറക്കാട് നടയകത്തെ മുന്നൂറ്റി മുപ്പത് ഏക്കറും കതിരണിയും! തോട് നവീകരണത്തിന് യന്ത്രസഹായത്തോടെ; പേരാമ്പ്രയിലെ കൃഷി എഞ്ചിനിയര്‍ നിതിന്‍ മലയിന്റെ കണ്ടുപിടിത്തമായ ഡ്രഡ്ജ് ക്രാഫ്റ്റ് എത്തിച്ചു


തിക്കോടി: പുറക്കാട് നടയകം തോട് നവീകരണം യന്ത്രത്തിന്റെ സഹായത്താല്‍ നടപ്പിലാക്കുന്നു. ഇതിനായി ഡ്രഡ്ജ് ക്രാഫ്റ്റ് യന്ത്രം പുറക്കാട് നടയകത്തിലെ ചാക്കര പാലത്തിന് സമീപം ഇറക്കി. പേരാമ്പ്ര സ്വദേശിയായ കൃഷി എഞ്ചിനിയര്‍ നിതിന്‍ മലയിലാണ് ഈ യന്ത്രത്തിന്റെ സൃഷ്ടിയ്ക്കു പിന്നില്‍.

കള പൊടിക്കാനുള്ള വീഡ് ഷ്രഡറിനും മാറ്റ്‌പ്രോപിനും ശേഷം നടയകത്ത് കേരള കാര്‍ഷിക യന്ത്ര വല്‍ക്കരണ മിഷന്റെ സഹായത്തോടെ, കോഴിക്കോട് ജില്ലാ പഞ്ചായത്തും തിക്കോടി പഞ്ചായത്തും നടയകം പാടശേഖര സമിതിയും പുതിയ പരീക്ഷണങ്ങളിലൂടെ മുമ്പോട്ട് പോവുകയാണ്. നടയകം വയലുകളില്‍ മുന്നൂറ്റി മുപ്പത് ഏക്കറിലും കൃഷി ഇറക്കുകയാണ് ലക്ഷ്യം.

എന്താണ് ഡ്രഡ്ജ് ക്രാഫ്റ്റ്?

ഇതൊരു തോട് നിര്‍മ്മാണ യന്ത്രമാണ്. ഏത് ചളിയിലും വെള്ളത്തിലും നേരെ നിന്ന് വളരെ വേഗത്തില്‍ തോട് നിര്‍മ്മിച്ചു മുന്നോട്ടുപോകാന്‍ ഈ യന്ത്രത്തിനാവും.

ഇന്നലെയാണ് ഡ്രഡ്ജ് ക്രാഫ്റ്റ് പുറക്കാട് നടയകത്തിലെ തോട് നവീകരണത്തിനായി ചാക്കര പാലത്തിനു സമീപം ഇറക്കിയത്.