പുരോഗമന കലാസാഹിത്യസംഘത്തിന്റെ കെ.പി കായലാട് പുരസ്‌കാരം സോമന്‍ കടലൂരിന്


കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കെ.പി കായലാട് പുരസ്‌കാരം സോമന്‍ കടലൂരിന്. കടലൂര്‍ക്കവിതകള്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

വൈയക്തികവും സാമൂഹ്യവുമായ വ്യസനങ്ങളും വിചാരങ്ങളും ഏറ്റവും ലളിതമായി രേഖപ്പെടുത്താനാണ് താല്‍പര്യപ്പെട്ടതെന്നും അതിനു ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും പുരസ്‌കാര വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് സോമന്‍ കടലൂര്‍ പറഞ്ഞു. ‘നിക്കനോര്‍പാറ പറയും പോലെ മിക്കവാറും ഒഴിഞ്ഞ പേജില്‍ തികച്ചും സുതാര്യമായി എഴുതിപ്പോകുന്നു. ചിലര്‍ക്കൊക്കെ ഈ രീതി ഇഷ്ടവുമാണ്. തങ്ങളുടെ അനുഭവങ്ങള്‍ക്ക് ഇവ്വിധം ഭാഷ നല്‍കുന്നതിനെ അവര്‍ സ്വീകരിക്കുന്നതാവാം. ആ അര്‍ത്ഥത്തില്‍ അവ മറ്റുള്ളവരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

തിക്കോടി കടലൂര്‍ സ്വദേശിയായ അദ്ദേഹം അധ്യാപകന്‍, കവി, ചിത്രകാരന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് . കടല്‍ക്കവിതകളുടെ സമാഹാരമായ ‘കനി മീന്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. കടല്‍ കേന്ദ്ര പ്രമേയമായി വരുന്ന 52 കവിതകള്‍ ആണിത്. മത്സ്യത്തൊഴിലാളികളുടെ കടല്‍ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമായ ‘ കടല്‍രേഖകള്‍’ ആണ് രണ്ടാമത്തെ പുസ്തകം.