പുത്തഞ്ചേരിയില്‍ ഉയരുന്നു, ഇന്ത്യാ ഗേറ്റിന് സമാനമായ സ്മാരകം; ആ ലക്ഷ്യത്തിന് കൂട്ടായത് രജീഷ് എന്ന വിമുക്ത ഭടന്റെ പ്രയത്നം
ഉള്ളിയേരി: ഇന്ത്യന്‍സേനയുടെ ഉത്തമമായ യുദ്ധസ്മാരകം നാട്ടിലുയരണം എന്നത് പുത്തഞ്ചേരിയിലെ കനിയാനി രജീഷ് എന്ന വിമുക്ത സൈനികന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്ക് ഏതാനും ദിവസങ്ങള്‍ അകലെയാണ് രജീഷിപ്പോള്.
രജീഷ് തന്നെയാണ് ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള പാതയൊരുക്കിയതും. വിരമിച്ചപ്പോള്‍ ലഭിച്ച അലവന്‍സും സ്ഥലംവിറ്റതിലൂടെ കൈവന്ന പണവും ബാങ്ക് വായ്പയും എല്ലാം രജീഷ് അതിനുവേണ്ടി ഉപയോഗിച്ചു. വീടിനോടുചേര്‍ന്നുള്ള 40 സെന്റ് വിലയ്ക്ക് വാങ്ങി. നാട്ടിലുള്ള പൂര്‍വസൈനികരെയും സുമനസ്സുകളെയും ഒപ്പംനിര്‍ത്തി ട്രസ്റ്റ് രൂപവത്കരിച്ചു. ഇതിന് ‘ജയ് ജവാന് ട്രസ്റ്റ് പുത്തഞ്ചേരി’ എന്ന് പേരിട്ടു. രജീഷ് തന്നെയാണ് ഈ ട്രെസ്റ്റിന്റെ ചെയര്മാന്.
വിലയ്ക്കുവാങ്ങിയ സ്ഥലം ട്രസ്റ്റിന് സൗജന്യമായി രജിസ്റ്റര്‍ ചെയ്തുനല്‍കി. ട്രസ്റ്റ് ചെയര്‍മാനായി രജീഷുതന്നെ തിരഞ്ഞെടുക്കപ്പെട്ടു. വത്സന് വടക്കേടത്ത് (സെക്ര.), മുരളീധരഗോപാല്‍ (ജോ. സെക്ര.), പി. ഗിരീഷ് (ഖജാ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സ്മാരക നിര്മാണക്കമ്മിറ്റിയും ട്രസ്റ്റ് സപ്പോട്ടിങ് ഗ്രൂപ്പും ഉണ്ടാക്കി. ആംഡ് കോര്‍ വെറ്ററന്‍സ് കേരള, എയര്‍ഫോഴ്സ് അസോസിയേഷന് കോഴിക്കോട്, പുത്തഞ്ചേരി പ്രവാസിക്കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ സഹായധനവും ലഭിച്ചു. സ്ഥലത്തിനുമാത്രം 33 ലക്ഷം രൂപയായി. സ്ഥലം നിരപ്പാക്കി നിര്‍മാണം തുടങ്ങി.
ചെത്തിമിനുക്കിയ ചെങ്കല്ലിലാണ് സ്മാരകംതീര്ക്കുന്നത്. ഇതിനായി ശ്രീകണ്ഠാപുരത്തുനിന്നും ആവശ്യത്തിന് ചെങ്കല്ലുകള്‍ എത്തിച്ചു. ഫ്ളാഗ്പോയന്റും ഒരുങ്ങുന്നുണ്ട്. എരഞ്ഞിപ്പാലത്തുള്ള കോണ്ടിഗോ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിനാണ് നിര്‍മാണച്ചുമതല. 65 ശതമാനം ജോലി പൂര്‍ത്തിയായി. 40 ലക്ഷം ഇതിനകം ചെലവിട്ടു. ഫെബ്രുവരി അവസാനത്തോടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
സ്മാരകത്തില്‍ ദേശീയദിനാചരണം നടത്താനും സൈനികപരിശീലനം നേടുന്നതിനുമുള്ള സൗകര്യവും ഉണ്ടാകും. ഉദ്യാനം, മ്യൂസിയം, ലൈബ്രറി, ദീപവിതാനങ്ങള്‍ തുടങ്ങിയവയും ഒരുക്കും.
കൂമുള്ളി വായനശാല റോഡില്‍നിന്ന് പുത്തഞ്ചേരിയിലെത്തി കരിമ്പാത്ത് ക്ഷേത്രം റോഡിലൂടെ ഒരു കിലോമീറ്റര്‍ ചെന്നാല്‍ സ്മാരകത്തിലെത്താം. പുത്തഞ്ചേരിയെ നന്മ നിറഞ്ഞ മാതൃകാഗ്രാമം ആക്കണമെന്നാണ് രജീഷ് ആഗ്രഹിക്കുന്നത്. കര്‍ഷകരായ രാഘവന് നായരുടെയും ലക്ഷ്മിയുടെയും മകനാണ് രജീഷ്.