പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അറസ്റ്റിലായ ആനപ്പാറ ക്വാറി സമരസമിതി അംഗങ്ങള്‍ക്ക് ജാമ്യം


കീഴരിയൂര്‍: ആനപ്പാറയിൽ ക്വാറിയുടെ പ്രവർത്തനം തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ സമരമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പൂവന്‍ കണ്ടി ജിതേഷ് (30), കുപ്പേരി കണ്ടി അഭിന്‍ ദാസ് (28) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഫെബ്രുവരി മൂന്നാം തിയ്യതിയാണ് ഇരുവരും അറസ്റ്റിലായത്. ആനപ്പാറയില്‍ സ്‌ഫോടനം നടത്തിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ ക്വാറി ജീവനക്കാരന്‍ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്യാന്‍ യുവാക്കള്‍ ചെന്നത് കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലായത്. ക്വാറി മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ വധശ്രമക്കേസാണ് ഇവര്‍ക്കെതിരെയുള്ളത്. തുടര്‍ന്ന് റിമാന്‍ഡിലായ ഇരുവര്‍ക്കും ഇന്ന് കൊയിലാണ്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ക്വാറി സമരം ശക്തിപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ക്വാറി സമരക്കാരെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

കീഴരിയൂര്‍ ആനപ്പാറയില്‍ മുപ്പതുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിയ്‌ക്കെതിരെയാണ് പ്രദേശവാസികള്‍ സമരം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പാണ് നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്‌ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്നുണ്ടെന്നാണ് സമരസമിതി ആരോപിക്കുന്നത്.

ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടി സല്‍ക്കാര ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്‌മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.

വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍ എന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.