‘നീയൊക്കെ പിച്ച തെണ്ടാന്‍ പോയ്‌ക്കോ, കാശ് തന്നില്ലെങ്കില്‍ വിവരമറിയും…’: വായ്പക്കാര്‍ക്ക് ഭീഷണി; വായ്പ ആപിന്റെ കെണിയില്‍ വീണ് ആപ്പിലാകാതെ നോക്കണെ


കോഴിക്കോട്: ‘നിനക്കൊക്കെ വേറെ പണിക്ക് പോയിക്കൂടെ? പിച്ച തെണ്ടാന്‍ പോയ്‌ക്കോ, കാശ് തന്നില്ലെങ്കില്‍ വിവരമറിയും’- ഏതെങ്കിലും ഗുണ്ട സംഘത്തിന്റെ ഭീഷണിയല്ലിത്. പകരം ഉടനടി വായ്പകള്‍ നല്‍കുന്ന മൊബൈല്‍ ആപ് സംഘങ്ങളുടെ വിരട്ടലാണ്. ജില്ലയിലെ നഗരപ്രദേശത്തെ ഒരു യുവതിക്കാണ് ഈ ദുരനുഭവം വന്നത്.

കൈവിരല്‍ തുമ്പത്ത് വായ്പ ലഭിക്കുന്നതിനാല്‍ ആപുകളില്‍ തലവെക്കുന്നവരുടെ എണ്ണം ജില്ലയില്‍ വീണ്ടും വര്‍ധിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് നിരവധി പരാതികള്‍ ലഭിക്കുകയും സര്‍ക്കാര്‍ തലത്തില്‍ ചില ഇടപെടലുകള്‍ക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വായ്പ തട്ടിപ്പുകാര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം ആപ്പുകള്‍ മുതലെടുക്കുന്നത്. ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വിലാസം ഉറപ്പിക്കുന്നതടക്കമുള്ള കുറച്ച് രേഖകള്‍ മാത്രം നല്‍കിയാണ് വായ്പ ആപുകളുടെ ‘ആപ്പി’ല്‍ പെടുന്നത്. 5000 രൂപ മുതല്‍ 10,000 രൂപ വരെ ആവശ്യമുള്ളവരെയാണ് വായ്പ ആപുകള്‍ കെണിയിലാക്കുന്നത്. എളുപ്പത്തില്‍ തിരിച്ചടക്കാമെന്ന് കരുതുമെങ്കിലും ഒടുവില്‍ വന്‍തുകയുടെ കടക്കാരനാകും.

ഒരു ലക്ഷം രൂപ ചോദിച്ചാല്‍ 5000 രൂപ ആവശ്യക്കാരന് കിട്ടും. 5000 രൂപ വായ്പയെടുത്താല്‍ പ്രൊസസിങ് ചാര്‍ജും പലിശയും കഴിച്ച് 3200 രൂപയാണ് പരമാവധി കൈയില്‍ കിട്ടുന്നത്. ചെറിയ തുകകള്‍ക്ക് ഒരാഴ്ചയാണ് തിരിച്ചടവ് സമയം. വായ്പയെടുത്ത് ആറാം ദിവസം തന്നെ തെറിവിളികള്‍ തുടങ്ങും.

ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും മറ്റും ആപ് നിയന്ത്രിക്കുന്നവര്‍ക്ക് കിട്ടുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ഈ ഫോണ്‍ നമ്പറുകളിലേക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങളും വിളികളും വരും. വായ്പയെടുത്തയാളെ മോശമായി ചിത്രീകരിക്കും. വാടസ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപകീര്‍ത്തികരമായ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. വായ്പയെടുത്തയാള്‍ മരിച്ചുപോയെന്ന് ചിത്രം സഹിതം വാട്‌സ്ആപ്പ് സന്ദേശങ്ങളും പതിവാണ്. വായ്പയെടുത്തവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതിയാണെന്ന പ്രചാരണം വരെ പതിവായി നടക്കുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ള വായ്പ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വായ്പ എടുക്കാനും പ്രലോഭനമുണ്ടാകും. പുതുതായി ലഭിക്കുന്ന വായ്പ പഴയതിന്റെ കടംവീട്ടാന്‍ ഒടുവില്‍ ഇവര്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ട അവസ്ഥയാണ്. 10,000 രൂപ വായ്പയെടുത്താല്‍ ഒരു ലക്ഷം വരെ കടക്കാരനാകുന്ന പ്രത്യേക ‘സംവിധാന’മാണ് ഓണ്‍ലൈന്‍ വായ്പ നടത്തിപ്പുകാരുടേത്. 20 മുതല്‍ 40 ശതമാനം വരെയാണ് വാര്‍ഷിക പലിശനിരക്ക്.

 വായ്പ ആപുകളുടെ കെണിയില്‍ കുടുങ്ങുന്നവര്‍ പരാതി നല്‍കുന്നത് അപൂര്‍വമാണെന്ന് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. വായ്പ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ്. വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് ഇത്തരക്കാര്‍ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പുക്കുന്നതും വിളിക്കുന്നതും. ഇത്തരക്കാരുടെ വലയില്‍ വീഴാതിരിക്കുന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും പോലീസ് പറയുന്നു.