നിറത്തിന് പണം നല്‍കി ഉത്സവത്തിന് കൊടിയേറ്റം; കൊങ്ങന്നൂര്‍ ആശാരിക്കാവില്‍ തിറയുത്സവം ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍
അത്തോളി: കൊങ്ങന്നൂര്‍ ആശാരിക്കാവില്‍ തിറയുത്സവത്തിന് കൊടിയേറി. ഉത്സവ ദിനത്തിന് ഏഴ് നാള്‍ മുന്‍പേ തിറ കെട്ടിയാട്ടക്കാര്‍ക്ക് നിറത്തിന് പണം നല്‍കി തിറയുത്സവത്തിന് തുടക്കമായി. ജില്ലയില്‍ കാവും ക്ഷേത്രവും ഒന്നിച്ചുള്ള അപൂര്‍വ്വ ദേവ സന്നിധിയായ കൊങ്ങന്നൂര്‍ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് നൂറ്റാണ്ട് കാലമായുള്ള ആചാരനുഷ്ഠാനം മുടക്കമില്ലാതെ തുടര്‍ന്ന് വരുന്നത്.
തിറ കെട്ടിയാട്ടക്കാര്‍ക്ക് കോലം വരക്കുന്നതിനുള്ള പണം മുന്‍കൂറായി നല്‍കി വരുന്ന പഴയ ആചാരമാണ് നിറത്തിന് പണം നല്‍കല്‍ എന്ന ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ഷേത്ര മുഖ്യ കാരണവര്‍ കെ.ടി പ്രഭാകരനില്‍ നിന്നും കെട്ടിയാട്ട കലാകാരന്‍ പനങ്ങാട് ബ്രദേര്‍സ് ടി. ബാബു, പണക്കിഴി ഏറ്റുവാങ്ങി. ചടങ്ങിന് കാരണവന്‍മാരായ എന്‍ പി ശങ്കരന്‍ , എന്‍ പി വാസുദേവന്‍ , സെക്രട്ടറി കെ. ടി അനിലേഷ് , ജോയിന്റ് സെക്രട്ടറിമാരായ എം വി ഷനോജ്, എന്‍ പി സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രധാന നടയില്‍ കൊടി ഉയര്‍ത്തി.
ഫെബ്രുവരി 7, 8, 9 തിയ്യതികളിലാണ് ഉത്സവം. ഏഴാം തിയ്യതി രാത്രി 8 മണിക്ക് വട്ടക്കളി, എട്ടാം തിയ്യതി പ്രധാന ഉത്സവം, ഒമ്പതിന് രാവിലെ 10 മണിയോടെ ഉത്സവത്തിന് സമാപിക്കും.
ഉത്സവത്തിന് മുന്നോടിയായി അപൂര്‍വ്വ ക്ഷേത്ര കലയായ വട്ടക്കളി പതിറ്റാണ്ട് കാലമായി തുടരുന്നതും ഈ കലാ വിരുന്നില്‍ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്നതും ഒരേ സമയം അഞ്ച് തിറയാട്ട കോലത്തിന് വേദിയാകുകയും ചെയ്യുന്ന മലബാറിലെ ഏക ദേവ സന്നിധി എന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്.ചരിത്രവും ഐതിഹ്യവും ഇഴ ചേര്‍ന്ന് നില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ ഓരോ ചടങ്ങുകളും.
കൊങ്ങന്നൂര്‍ നാലു പുരയ്ക്കല്‍ ശ്രീ ഗുരുദേവ ഭഗവതി കുടുംബ ട്രസ്റ്റ് സമിതിക്കാണ് ക്ഷേത്ര നടത്തിപ്പിന്റെ ചുമതല. ഉത്സവ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.