നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു, പുളിയഞ്ചേരി കനാല്‍ ക്രോസിങ്ങിലിട്ട മണ്ണ് നീക്കം ചെയ്തു


കൊയിലാണ്ടി: പുളിയഞ്ചേരി കനാല്‍ ക്രോസില്‍ ഇട്ട മണ്ണ് നീക്കം ചെയ്തു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായാണ് കനാലില്‍ മണ്ണിട്ടത്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിങ്ങല്‍ ബ്രാഞ്ച് മെയിന്‍ കനാലിലാണ് പത്ത് മീറ്ററോളം നീളത്തില്‍ കഴിഞ്ഞ ദിവസം മണ്ണിട്ടത്.
കനാലിലെ വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ രണ്ടു ചെറിയ കോണ്‍ക്രീറ്റ് പൈപ്പുകളും സ്ഥാപിച്ചിരുന്നു. ജലസേചന വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യമറിയില്ലെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ച മറുപടി.

നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ താത്ക്കാലികമായി പ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു. ഇതിന്റ തുടര്‍ച്ചയായാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചത്.