നഷ്ടമായത് കായിക ലോകത്തിന്റെ ഭാവി വാഗ്ദാനം; സുദേവന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്


കൊയിലാണ്ടി: കായിക ഇനത്തിൽ സെപ്കോ ത്രോ മത്സരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ പൂർവ്വ വിദ്യാർത്ഥിയുമായ സുദേവ് എസ്.ദിനേശിൻ്റെ അകാല വിയോഗത്തിൽ സ്കൂൾ പി.ടി.എ യോഗം അനുശോചിച്ചു. അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

പഠനത്തോടൊപ്പം തന്നെ കായികവും തന്റെ ഹൃദയത്തോട് ഏറെ ചേർത്തു നിർത്തിയിരുന്നു സുദേവ്. അതിനായി കഠിനാധ്വാനം ചെയ്യാനും ഈ യുവാവിന് മടിയില്ലായിരുന്നു. അങ്ങനെ ചെറുപ്രായത്തിൽ തന്നെ സ്കൂൾ-കോളജ് തലങ്ങളിലും സംസ്ഥാന മത്സരങ്ങളിലും ഒട്ടേറെ മെഡലുകളും പ്രശസ്തി പത്രങ്ങളും താൻ നേടിയെടുത്തു.

ജൂഡോയിലും സംസ്ഥാന ചാമ്പ്യനായിരുന്നു സുദേവ്. ജി.വി.എച്ച്.എസ് എസിലെ കുട്ടികളുടെ ഏറെ പ്രിയപ്പെട്ട സെപ് കാത്രോ കോച്ചായും ജോലി ചെയ്തു വരുകയായിരുന്നു.

അനുശോചന യോഗത്തിൽ പ്രിൻസിപ്പാൾ പി.വൽസലാ, ബിജേഷ് ഉപ്പാലക്കൽ, പ്രസന്ന, ശ്രീലാൽ, ഉണ്ണിക്കൃഷ്ണൻ, സജി, സുധീർ, ആർ.കെ ദീപ, വി.എം.രാമചന്ദ്രൻ ,വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കുറുവങ്ങാട് തിരുവോണം വീട്ടിൽ പാലക്കിഴിൽ ദിനേശൻ സുചിത്ര ദമ്പതികളുടെ ഏകമകനാണ് സുദേവ്. മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ ഓർഫനേജ് കോളജിലെ ഒന്നാം വർഷ ബി. കോം വിദ്യാർത്ഥിയായിരുന്നു.