‘ജനങ്ങള്‍ തന്നിട്ടുള്ള ഈ അംഗീകാരത്തില്‍ വളരെയേറെ സന്തോഷം’; കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പ്രഥമ വാര്‍ത്താതാരം ടി.ടി ഇസ്മായില്‍ പ്രതികരിക്കുന്നു
കൊയിലാണ്ടി: ജനങ്ങള്‍ തന്നിട്ടുള്ള അംഗീകരത്തില്‍ വളരെയധികം സന്തോഷവും അഭിമാനവുമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും സംഘടിപ്പിച്ച കൊയിലാണ്ടി ന്യൂസ് വാര്‍ത്താതാരം 2021ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആദ്യത്തെ വാര്‍ത്താതാരമാണ് ടി.ടി ഇസ്മായില്‍. വാര്‍ത്താതാരം മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റമാണ് ടി.ടി ഇസ്മയില്‍ കാഴ്ചവെച്ചത്. ആദ്യഘട്ടത്തില്‍ ഒന്നാമനായിക്കൊണ്ട് ഫൈനല്‍ റൗണ്ടിലേക്ക് കടന്ന അദ്ദേഹം തുടര്‍ന്നും മികച്ച മത്സരം കാഴ്ചവെച്ചു. ഒരു ഘട്ടത്തില്‍പോലും ആദ്യ സ്ഥാനത്തുനിന്നും അദ്ദേഹം പിന്നോട്ടുപോയിട്ടില്ല. ആകെ പോള്‍ ചെയ്ത 15930 വോട്ടുകളില്‍ 6564 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്.
കെ റെയിലിനെതിരെ നടക്കുന്ന സമരപോരാട്ടങ്ങളില്‍ വഹിച്ച നേതൃപരമായ പങ്കാണ് വാര്‍ത്താതാരം 2021ല്‍ ടി.ടി ഇസ്മായിലിന് ഇടംനേടിക്കൊടുത്തത്. ചേമഞ്ചേരിയിലെ ജനകീയ സമിതിയിലൂടെയാണ് ടി.ടി ഇസ്മയില്‍ കെ. റെയില്‍ സമരത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാപ്പാട് കാട്ടിലെപ്പീടികയില്‍ നിന്നും ആരംഭിച്ച കെ റെയില്‍ സമരം ഇന്ന് സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലും ശക്തമാണ്. സമരം അഞ്ഞൂറിലേറെ ദിവസം പിന്നിടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയുമൊക്കെ പിന്തുണ നേടാന്‍ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. കെ റെയിലിനെതിരായ പോരാട്ടങ്ങളെ ഈയൊരു തലത്തിലേക്ക് എത്തിക്കുന്നതില്‍ ടി.ടി ഇസ്മായിലിന്റെ നേതൃപരമായ പങ്ക് വളരെ വലുതാണ്.
രാഷ്ട്രീയത്തില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തിനുടമയാണ് ടി.ടി ഇസ്മയില്‍. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പ്രീഡിഗ്രി പഠിക്കുമ്പോഴും എം.എസ്.എഫിന്റെ സംഘടനാ രംഗത്ത് ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫറൂഖ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകുന്നത്. ഫറൂഖ് കോളേജ് യൂണിറ്റ് എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയശേഷം സംഘടനാ രംഗത്ത് കൂടുതല്‍ സജീവമായി.
എം.എസ്.എഫിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് യൂത്ത് ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1995ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാപ്പാട് ഡിവിഷനില്‍ മത്സരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 2000ത്തില്‍ മേലടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെയുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. അക്കാലത്താണ് പയ്യോളി പടിഞ്ഞാറെ ഭാഗത്ത് വ്യവസായ കേന്ദ്രം തുടങ്ങിയത്. കൂടാതെ പയ്യോളി ഹൈസ്‌കൂളിന്റെയും പ്രദേശത്തെ നിരവധി റോഡുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരത്തിനിറങ്ങി. മേപ്പയ്യൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ലതികയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് കുറച്ചുകാലം ജില്ലാ ലീഗിന്റെ ട്രഷററായിരുന്നു. പൊതുമേഖലാ സ്ഥാപനമായ സിഡ്കോ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2013ലാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി. 2019ല്‍ പി.എസ്.സി അംഗമായി കാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് പൊതുരംഗത്ത് വീണ്ടും സജീവമാകുന്നത്. തുടര്‍ന്നാണ് കെ റെയിലിനെതിരായ സമരത്തിന്റെ ഭാഗമായത്.