ചേലിയ സ്വദേശിനി ബിജിഷയുടെ മരണത്തിന് പിന്നില്‍ വായ്പ്പാ ആപ്പുകളെന്ന് സംശയം; മരണത്തിന് മുമ്പ് ബാങ്ക് അക്കൗണ്ടുകളില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകള്‍
കൊയിലാണ്ടി: ചേലിയ സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ വായ്പ്പാ ആപ്പുകളെന്ന് സംശയം. ഡിസംബര്‍ 11 ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച ബിജിഷയുടെ (31) മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മരണത്തിന് മുമ്പായി ബിജിഷയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നടന്നത് ലക്ഷങ്ങളുടെ പണമിടപാടാണ്.
കാര്യമായ പ്രശ്‌നങ്ങളൊന്നും ബിജിയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ബിജിഷയുടെ മരണം വീട്ടുകാരെയും ബന്ധുക്കളെയും അയല്‍വാസികളെയുമെല്ലാം ഞെട്ടിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ബിജിഷയ്ക്ക് ഉണ്ടായിരുന്നില്ല.
എന്നാല്‍ മരണത്തിന് രണ്ടു മാസത്തിന് ശേഷം പുറത്തുവന്ന ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ദുരൂഹത വര്‍ധിപ്പിച്ചത്. ബിജിഷയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്.
13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് കൈമാറിയ വലിയ തുക. മറ്റൊരാള്‍ക്ക് എട്ട് ലക്ഷവും നല്‍കിയിട്ടുണ്ട്. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്. ഇവ ആര്‍ക്ക്, എന്തിന് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനു പുറമെ വിവാഹത്തിനുവേണ്ടി അച്ഛന്‍ കരുതിവച്ച 35 പവന്‍ സ്വര്‍ണവും ബിജിഷ പണയംവച്ചിട്ടുണ്ട്.
ആത്മഹത്യയുടെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ബിജിഷയെ തേടി നിരന്തരം ഫോണ്‍വിളികള്‍ വന്നിരുന്നു. ഇതില്‍ പലരോടും സംസാരിക്കാന്‍ ബിജിഷ ഭയപ്പെട്ടു. മരണത്തിന്റെ അന്നും ബിജിഷയെ തേടി വിവിധ നമ്പറുകളില്‍നിന്നു ഫോണ്‍വിളികള്‍ എത്തി. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലായിരുന്നു ബിജിഷയ്ക്കു ജോലി. ബി.എഡ് ബിരുദധാരിയാണ്. ബിജിഷയെ പോലെ കൂടുതല്‍ പേര്‍ വായ്പാ ആപ്പുകളില്‍ അകപ്പെട്ടിട്ടുണ്ടോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു.