ഗുരുവിന്റെ ഓർമ്മ ഈ മണ്ണിലുയരും; പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമായി സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ വരുന്നു
കൊയിലാണ്ടി: പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമായി സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ വരുന്നു. രാജ്യമാകെ അറിയപ്പെട്ട കേരളത്തിലെ തല മുതിർന്ന കഥകളി ആചാര്യൻ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമൊരുക്കുന്നത് സാംസ്കാരിക വകുപ്പാണ്.
ദക്ഷിണേന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും വിനിമയ കേന്ദ്രമായി മാറുന്ന കലാകേന്ദ്രമാണ് നിർമ്മിക്കുന്നത്. ജനകീയ കമ്മറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് ഏൽപ്പിക്കുന്ന ഭൂമിയിലാണ് കേന്ദ്രം നിർമ്മിക്കുക.
[wa]
ജനുവരി 15 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുരുവിന്റെ വസതി സന്ദർശിക്കുന്നുണ്ട്. സന്ദർശനത്തിന് മുന്നോടിയായി കൊയിലാണ്ടി ടൗൺ ഹാളിൽ വിപുലമായ യോഗം ചേർന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായ യോഗം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, മുൻ.എം.എൽ.എ കെ.ദാസൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയിൽ, എ.എം.സുഗതൻ, കെ.കെ.മുഹമ്മദ്, യു.രാജീവൻ , അഡ്വ.വി.സത്യൻ, ഇ.കെ അജിത്, രാജേഷ് കീഴരിയൂർ , കെ.ടി.എം.കോയ, സി.സത്യചന്ദ്രൻ, ഗുരുവിന്റെ മകൻ പവിത്രൻ നായർ, കബീർ സലാല, യു.കെ.രാഘവൻ, കോയ കാപ്പാട്, വിജയരാഘവൻ ചേലിയ, കലാമണ്ഡലം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
ഭാവി പ്രവർത്തനങ്ങൾക്കായി കാനത്തിൽ ജമീല എം.എൽ.എ ചെയർമാനായും സി.അശ്വനിദേവ് ജനറൽ കൺവീനറായും അഡ്വ.കെ.സത്യൻ ട്രഷററായും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടുന്ന 51 അംഗ കമ്മറ്റിക്കും രൂപം നൽകി.
[wa]