ഗവർണറെ തിരിച്ചു വിളിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്


മേപ്പയൂർ: ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേരള ഗവർണറുടെ നടപടിയോട് സി.പി.എമ്മിനുള്ള എതിർപ്പിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവന്ന് പാസാക്കിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വഖഫ് സംരക്ഷണ രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യധാരണ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയായി മാറിയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയതും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റിയതും. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ല എന്ന ഗവർണറുടെ പിടിവാശിയും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ജനങ്ങളെ പറ്റിക്കുന്ന നാടകമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെഅഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.വി.എം.ബഷീർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി.നാസർ, ട്രഷറർ എം.കുഞ്ഞായൻ കുട്ടി, കെ.എം.അബ്ദുസ്സലാം, വടക്കയിൽ ബഷീർ, കെ. പി.പോക്കർ, സുഹൈൽ.കെ.എം, ഷുഹൈബ്.എം.പി എന്നിവർ പ്രസംഗിച്ചു.