കോവിഡ് നഷ്ടപ്പെടുത്തിയ ജീവിതഗന്ധം വീണ്ടെടുത്താന്‍ കൊയിലാണ്ടിയുടെ പാതയോരങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി അത്തര്‍ കച്ചവടക്കാര്‍


കോഴിക്കോട്: ഒരുകാലത്ത് ഊദിന്റെയും അത്തറിന്റെ കുപ്പികള്‍ നിറച്ച പെട്ടികളുമായി നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കയറി ഇറങ്ങി വില്‍പ്പന നടത്തിയവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കച്ചവടം റോഡരികിലേക്ക് മാറ്റിയിരിക്കുകയാണ്. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന്‍ പരിസരം, അരിക്കുളം റോഡില്‍ ടോള്‍ ബൂത്തിനരികില്‍, കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരം, പുതിയ ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെല്ലാം ജീവിതത്തിന് ഗന്ധം പകരാനുള്ള പ്രയത്‌നവുമായി ഇവര്‍ കാത്തിരിപ്പുണ്ട്.

ഏറെ ദൂരെ നിന്നെ മനസിനെ കീഴടക്കുന്ന ഗന്ധം തന്നെയാണ് ഇവരുടെ പരസ്യം. ആ ഗന്ധം സഗന്ധദ്രവ്യങ്ങള്‍ ഇഷ്ടമുള്ള ആരെയും ആകര്‍ഷിക്കും. ഉടനെ ചെന്ന് ഇഷ്ടമുള്ളത് വാങ്ങിക്കാന്‍ തോന്നും. പക്ഷേ, സാധാരണക്കാര്‍ക്കിടയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മുമ്പില്‍ പലപ്പോഴും ആ ഇഷ്ടം പലരും മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ സുഗന്ധദ്രവ്യക്കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

വീടുകളും സ്ഥാപനങ്ങളും കയറി ഇറങ്ങിയായിരുന്നു നേരത്തെ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കടുത്തതോടെ ഇത് കഴിയാതെ വന്നു. അതോടെ വിദേശങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ മുടക്കി എത്തിച്ച സുഗന്ധലേപനങ്ങള്‍ പലതും വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കുടുംബത്തിന്റെ വരുമാന മാര്‍ഗവും നിലച്ചതോടെയാണ് തെരുവോരങ്ങളില്‍ കച്ചവടം നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

നേരത്തെ ആഘോഷ സമയത്ത് സുഗന്ധലേപനങ്ങള്‍ വാങ്ങുന്ന ശീലമുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോങ്ങള്‍ കുറഞ്ഞതോടെ സുഗന്ധലേപനങ്ങളുടെ ആവശ്യക്കാരും കുറഞ്ഞു.

ചിലര്‍ക്ക് ലേപനങ്ങള്‍ ആവശ്യമുണ്ടെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ കച്ചവടം നടക്കുന്നില്ല. കാറുകളിലും മറ്റും സുഗന്ധം നിറയ്ക്കാനുള്ള ഊദിന്റെ ചെറിയ കഷ്ണത്തിന് ആവശ്യക്കാരുണ്ട്. കലര്‍പ്പില്ലാത്ത ഊദിന്റെ അത്തറിനും പ്രിയമുണ്ട്. 20 രൂപയ്ക്ക് മുതല്‍ 1000 രൂപയ്ക്ക് മുകളില്‍ വരെ വിലയുള്ള സുഗന്ധലേപനങ്ങളുണ്ട്. തെരുവോരക്കച്ചവടത്തിലൂടെയെങ്കിലും, വന്‍വിലയ്ക്ക് വാങ്ങിവെച്ച ഇവ വിറ്റ് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പലരും കച്ചവടം ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തര്‍ കച്ചവടം ചെയ്യുന്നതില്‍ ഭൂരിഭാഗവും മലപ്പുറം സ്വദേശികളാണ്. ഒന്നോ രണ്ടോ ദിവസം ഒരിടത്തു തങ്ങി കച്ചവടം ചെയ്യുകയാണ് ഇവരുടെ രീതി.