കോഴിക്കോട് ബീച്ചില്‍ ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് കസ്റ്റഡിയില്‍
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്റെ പരാതിയില്‍ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുര്‍ഗയ്‌ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ബിന്ദു അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പൊലീസ് സംരക്ഷണം പിന്‍വലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തെ കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് ഒരാള്‍ ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുവെള്ളം ഒഴിച്ചിരുന്നു. . ഒരു മാസം മുമ്പ് കൊയിലാണ്ടിയില്‍ ഓട്ടോ മനപൂര്‍വം ഇടിപ്പിച്ചതിനെ തുടര്‍ന്ന് ബിന്ദുവിന്റെ മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.