കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
കോഴിക്കോട്: ജില്ലയിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ നിപ വൈറസ് ബാധിച്ച് മരിച്ച വയ്യോളി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
ഇന്ന് കൂടിയ മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. ചികിത്സ സഹായാർത്ഥം മുൻപ് 2,42,603 രൂപ നൽകിയിരുന്നു. ഇത് കഴിച്ചുള്ള തുകയാണ് നൽകുക.
ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും മകനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഹാഷിം.
തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെയും ഭാര്യയുടെയും മുഴുവൻ പ്രതീക്ഷയായിരുന്നു മുഹമ്മദ്. 2021 സെപ്റ്റംബർ അഞ്ചിന് ചികിത്സയിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
മന്ത്രി സഭ യോഗത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരണപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് മാങ്കുന്ന് ചാമവിള പുത്തന്‍വീട്ടില്‍ ഭുവനചന്ദ്രന്റെ കുടുംബത്തിനും ധനസഹായം നല്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപയാണ് അനുവദിച്ചത്.
[vote]