കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ശ്രം – മെഗാ തൊഴില്‍മേള ഫെബ്രുവരി 19 ന്

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ല പ്ലാനിങ് ഒഫിസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശ്രം എന്ന പേരില്‍ മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടത്തും. നാല്‍പതോളം കമ്പനികളിലായി 1500-ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . തൊഴില്‍ അന്വേഷകര്‍ക്ക് ഫെബ്രുവരി 16 വരെ www.statejobportal.kerala.gov.in വെബ്‌സൈറ്റിലെ ജോബ് ഫെയര്‍ ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. എന്‍ജിനീയറിങ്, ഫാര്‍മസി, നഴ്‌സിങ് , ഐടിഐ, ഓട്ടോമൊബൈല്‍, സെയില്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306402567

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത മുഴുവന്‍സമയ കോഴ്സുകളില്‍ ഡിഗ്രി, പി.ജി., പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക് , എന്‍ജിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സ് എന്നിവയില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. അപേക്ഷ ഫോറം ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കും.

ടെണ്ടര്‍

വടകര ഐ.സി.ഡി.എസ് പ്രൊജക്ടില്‍ ഈ വര്‍ഷത്തെ അങ്കണവാടി സര്‍വീസസ് – കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും ഫോമുകള്‍ രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി – ഫെബ്രുവരി 16 പകല്‍ രണ്ട് മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0496 2501822, 8590397379

ടെണ്ടര്‍

വനിത – ശിശു വികസന വകുപ്പിന് കീഴില്‍ തൂണേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി – ഫെബ്രുവരി 18 ഉച്ചക്ക് 1 മണി. 18ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെണ്ടര്‍ തുറക്കുന്നതായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0496 2555225, 9562246485

ഖാദിഗ്രാമ വ്യവസായ റിബേറ്റ് മേള 9ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍വോദയപക്ഷ ഖാദി വിപണനമേളയുടെ ഉദ്ഘാടനം ഫെബ്രുവരി 9ന് രാവിലെ 10.30ന് എംഎല്‍എ പി.ടിഎ റഹീം നിര്‍വഹിക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ കെ. ലോഹ്യ അധ്യക്ഷനാകും. മേളയുടെ ഭാഗമായി 9 മുതല്‍ 14 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിലെ എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 23 വൈകുന്നേരം 5 മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വംബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2374547

ടെണ്ടർ ക്ഷണിച്ചു

ഐ.സി.ഡി.എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോൺ: 0495 2261560.

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാം

മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ബര്‍തൊഴിലാളികള്‍, മത്സ്യം ഉണക്കല്‍, പീലിങ്ങ് തൊഴിലാളികള്‍ക്കും അംഗത്വ അപേക്ഷ നല്‍കാം. അപേക്ഷകള്‍ www.fims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ, അക്ഷയകേന്ദ്രം മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2383472

ടെണ്ടര്‍

വനിത-ശിശു വികസന വകുപ്പിന് കീഴിലെ കൊണ്ടോട്ടി അഡീഷണല്‍ ശിശുവികസന ഓഫീസറുടെ അധികാര പരിധിയില്‍ വരുന്ന ചെറുകാവ് പഞ്ചായത്തിലെ 35 അങ്കണവാടി ഏരിയയില്‍ പ്രീസ്‌കൂള്‍ ഗുണഭോക്താക്കള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18 ഉച്ചക്ക് 2 മണി. 18ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0483 2792260

സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു

ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോഴിക്കോട് കോര്‍പറേഷന്‍ പരിസരത്ത് മേയര്‍ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന് മേയര്‍ പറഞ്ഞു. കോവിഡ് ചികിത്സാ സേവനങ്ങള്‍ക്ക് മാത്രമല്ല, വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ഏതൊരാള്‍ക്കും സഹായകരമാവുന്ന തരത്തിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനമെന്നും മേയര്‍ വ്യക്തമാക്കി.

സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒരു ഡോക്ടറും നഴ്സും ഉണ്ടായിരിക്കും. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും യൂണിറ്റില്‍ സജ്ജമാണ്. ഹോം കെയറിനും വാക്‌സിനേഷന്‍ സേവനങ്ങള്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ഈ സൗകര്യം ഉപയോഗിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സേവനം ലഭിക്കുന്നതിനായി ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറായ 8590014934-ലോ കോര്‍പറേഷന്‍ കോവിഡ് കണ്‍ട്രോള്‍ സെല്‍ നമ്പറായ 0495 2311471-ലോ ജില്ലയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്

ഹെല്‍ത്ത് ഓഫീസര്‍ ഡോ. മിലു മോഹന്‍ദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊയില്‍ക്കാവ് – മുതുകുറ്റില്‍ റോഡ് ഉദ്ഘാടനം ചെയ്തു

മുന്‍ എം.എല്‍.എ കെ.ദാസന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും 54 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പൊയില്‍ക്കാവ് – മുതുകുറ്റില്‍ റോഡ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, ബേബി സുന്ദര്‍രാജ്, പി.കെ.ശങ്കരന്‍, കെ.ഗീതാനന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍ ബീന കുന്നുമ്മല്‍ സ്വാഗതവും ജയശ്രീ മനത്താനത്ത് നന്ദിയും പറഞ്ഞു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അറ്റന്റര്‍/ സാനിറ്ററി അറ്റന്റര്‍/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 14 വൈകുംന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.arogyakeralam.gov.in ഫോണ്‍: 0495 2374990

ഇ.എന്‍.ടി.സി തിരുത്തലുകള്‍ക്ക് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനമായി

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2014 മുതല്‍ 2021 വരെ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ.എന്‍.ടി.സികളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനം ലഭ്യമാണ്. തിരുത്തലുകള്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് നേരിട്ടെത്തി പ്രൊഫൈല്‍ മുഖേന മാര്‍ച്ച് 2 വരെ സേവനം ഉപയോഗപ്പെടുത്താം. 2014ന് മുമ്പുളള തിരുത്തലുകള്‍ക്ക് ഡോക്യുമെന്റുകള്‍ നേരിട്ട് ഐ.ടി.ഐയില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2373976

കൊയിലാണ്ടിയില്‍ ഉദ്ഘാടനത്തിനൊരുങ്ങി വഴിയോര വിശ്രമകേന്ദ്രം

നഗരവാസികള്‍ക്കും ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കും പ്രയോജനകരമാവുംവിധം കൊയിലാണ്ടി നഗരമധ്യത്തില്‍ ഇനി ‘ടേക്ക് എ ബ്രേക്ക്’ സംവിധാനമുണ്ടാവും. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഈ മാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക് സംവിധാനത്തില്‍ താത്കാലിക വിശ്രമത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യങ്ങളും വനിതാ സൗഹൃദ കേന്ദ്രവും മുലയൂട്ടല്‍ കേന്ദ്രവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും കോഫി ഷോപ്പും ഒരുക്കിയിട്ടുണ്ട്.

മൂന്ന് ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളാണ് നഗരസഭ പരിധിയില്‍ ഒരുക്കുന്നത്. നഗരത്തിനും നഗരസഞ്ചയ പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അര്‍ബന്‍ അഗ്ലോമെറേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണം. 20 ലക്ഷംരൂപ ചെലവിലാണ് നിര്‍മ്മാണം.

10 ലക്ഷം രൂപവീതം ചെലവില്‍ കണയംകോടും, ആനക്കുളത്തും ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജില്ലാകലക്ടറുടെ അനുമതി ലഭിക്കുന്നപക്ഷം ശുചിത്വമിഷന്റെ സഹകരണത്തോടെ മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. നഗരസഭയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചായിരിക്കും ഇതിന്റെ നിര്‍മ്മാണം. ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പിനായി കോഫീ ഷോപ്പ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പോത്ത് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍മീറ്റ് മുഖേനയാണ് ട്രെയിനിങ്. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്് മെസ്സേജ് അയച്ച് മീറ്റിങിന് രജിസ്റ്റര്‍ ചെയ്യാമെന്ന് കോഴിക്കോട് ജില്ലാ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു.

സമ്പൂര്‍ണശുചിത്വ പരിപാടിയുടെ ഭാഗമായി 542 വീടുകളില്‍ റിംഗ് കമ്പോസ്റ്റുകളുടെ വിതരണം സാക്ഷാത്കരിച്ച് വളയം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2021-2022 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാര്‍ എം.കെ അശോകന്‍ അധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.വിനോദന്‍, ജനപ്രതിനിധികളായ കെ.കെ ബിജീഷ്, എം. ദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് കൃഷ്ണന്‍, അസി.സെക്രട്ടറി കെ. കെ വിനോദന്‍, വി.ഇ.ഒമാരായ കെ.പി രേഷ്മ, എം.ആര്‍ ഷൈലേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ കോവിഡ് ആശുപത്രികളിൽ 1,206 കിടക്കകൾ ഒഴിവ്

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിൽ 2,071 കിടക്കകളിൽ 1,206 എണ്ണം ഒഴിവുണ്ട്. 103 ഐ.സി.യു കിടക്കകളും 76 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 488 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 188 കിടക്കകൾ, 15 ഐ.സി.യു, 35 വെന്റിലേറ്റർ, 192 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ 21 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 372 എണ്ണം ഒഴിവുണ്ട്.

വെറ്ററിനറി സര്‍വകലാശാല ഗവേഷണ കേന്ദ്രം: പൊന്‍കുന്ന് മലയില്‍ സംയുക്ത പരിശോധന നടത്തും

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ഗവേഷണ പരിശീലനകേന്ദ്രം കാക്കൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സര്‍വേയര്‍, സ്പെഷ്യല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലാകലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ഇ.എം മുഹമ്മദ്, തഹസില്‍ദാര്‍ കെ. ഗോകുല്‍ ദാസ്, തഹസില്‍ദാര്‍ വി.എന്‍ ദിനേശ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം ഷാജി, പഞ്ചായത്ത് അംഗം നാസര്‍ വി, വില്ലേജ് ഓഫീസര്‍ വിനീത ടി. കെ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഷോട്ട്ഫിലിം മത്സരം: ഫെബ്രുവരി 15 വരെ എന്‍ട്രികള്‍ അയക്കാം

വിമുക്തി മിഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോട്ട്ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ അയക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. മത്സരാര്‍ഥികള്‍ ഷോട്ട്ഫിലിം തയ്യാറാക്കി പൂര്‍ണമായ മേല്‍വിലാസം, പഠിക്കുന്ന സ്‌കൂള്‍ / കോളേജ് /ക്ലാസ്, ഇ- മെയില്‍, ഫോണ്‍ നമ്പര്‍, എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ / കോളേജ് അധികാരികളുടെ സാക്ഷ്യപത്രമുള്‍പ്പെടെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

ചേലക്കാട് – വില്യാപ്പള്ളി – വടകര റോഡ്: സ്ഥലം മാര്‍ക്ക് ചെയ്തു തുടങ്ങി

പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് – വില്യാപ്പള്ളി – വടകര റോഡിന്റെ സ്ഥലം മാര്‍ക്ക്ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന്‍ നിര്‍വഹിച്ചു. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നവീകരിക്കാന്‍ 58 കോടിരൂപയാണ് വകയിരിത്തിയിട്ടുള്ളത്. വടകര നാഷണല്‍ ഹൈവേയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. നാദാപുരം, ആയഞ്ചേരി, പുറമേരി, വടകര മുനിസിപ്പാലിറ്റികളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.സി. സുബൈര്‍, അംഗങ്ങളായ പി.പി. ബാലകൃഷ്ണന്‍, നിഷ മനോജ്, സുനിത എടവലത്തുകണ്ടി, ഉമയ പാട്ടത്തില്‍, ആയിഷ ഗഫൂര്‍, റോഷ്ന പിലാക്കാട്ട്, കെ.ആര്‍.എഫ്.ബി എന്‍ജിനിയര്‍ കെ.ആര്‍.വിഷ്ണു, പ്രൊജക്ട് മാനേജര്‍ ലിബിന്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.