കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സബ് ഡിവിഷന്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം; മന്ത്രി സജി ചെറിയാന് നഗരസഭാ പ്രതിപക്ഷ നേതാവിന്റെ കത്ത്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാര്‍ബര്‍ എഞ്ചിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സബ് ഡിവിഷന്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന് നഗരസഭാ പ്രതിപക്ഷ നേതാവ് വി.പി ഇബ്രാഹിംകുട്ടിയുടെ കത്ത്. ഓഫീസ് അടച്ചുപൂട്ടുന്നത് ഹാര്‍ബര്‍ മേഖലയിലെ വികസനങ്ങള്‍ക്ക് വേഗം കുറയാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയിലെ 37ാം വാര്‍ഡ് മെമ്പറായ ഇബ്രാഹിംകുട്ടി കത്തയച്ചത്.

കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി 2007ലാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് സബ് ഡിവിഷന്‍ ഓഫീസ് സ്ഥാപിച്ചത്. ഈ ഓഫീസ് നിര്‍ത്തുന്നതോടെ ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള യു.സി.ആര്‍ പദ്ധതിയില്‍പ്പെട്ട പ്രവൃത്തികള്‍ നടക്കാതെ പോകും. കാനത്തില്‍ ജമീല എം.എല്‍.എയും നഗരസഭാ കൗണ്‍സിലും കൊയിലാണ്ടി സബ് ഡിവിഷന്റെ തുടര്‍ച്ചാനുമതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ജോലി ചെയ്യുന്ന ഹാര്‍ബര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തിലേക്ക് മാറാന്‍ ഇത് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

സര്‍ക്കാര്‍ സെക്രട്ടറി തലത്തില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29ന് യോഗം ചേര്‍ന്ന് കൊയിലാണ്ടിയിലെ ഓഫീസ് അടച്ചുപൂട്ടാനും ജീവനക്കാരെ മറ്റേതെങ്കിലും പുതിയ പദ്ധതിയിലേക്ക് ഡിപ്ലോയ് ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് വാര്‍ഡ് മെമ്പറുടെ കത്ത്.