കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിനായി മരളൂര്‍ ഭാഗത്ത് കനാല്‍ മണ്ണിട്ട് നികത്തി; വെള്ളം കിട്ടില്ലെന്ന ആശങ്കയില്‍ പ്രദേശവാസികള്‍


കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ മരളൂര്‍ ഭാഗത്ത് മണ്ണിട്ട് നികത്തിയതോടെ ആശങ്കയിലായി നാട്ടുകാര്‍. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള വസ്തുക്കള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ക്ക് വഴിയൊരുക്കാനായാണ് കനാലില്‍ മണ്ണിട്ട് നികത്തിയത്.

മരളൂര്‍, വെള്ളറക്കാട് പ്രദേശങ്ങളില്‍ വരള്‍ച്ച തടയുന്നത് ഈ കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ്. വെള്ളം തുറന്നുവിടുന്നതിന്റെ മുന്നോടിയായി അടുത്തിടെ വൃത്തിയാക്കിയ കനാലിലാണ് മണ്ണിട്ട് നികത്തിയത്.

വേനല്‍ക്കാലത്ത് പ്രദേശത്തെ കിണറുകള്‍ വറ്റാതിരിക്കുന്നത് കനാലില്‍ വെള്ളമെത്തുന്നത് കൊണ്ടാണ്. മണ്ണ് നീക്കി കനാല്‍ ഉടന്‍ തുറന്നില്ലെങ്കില്‍ സമീപ പ്രദേശങ്ങളിലുള്ളവര്‍ വരള്‍ച്ച അനുഭവിക്കേണ്ടി വരും.

കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണാവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ പകരം വഴി കണ്ടെത്തി കനാല്‍ ഉടന്‍ തുറന്നുവിട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് മരളൂര്‍ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.