കൊയിലാണ്ടി നഗരസഭയുടെ പുതിയ കളിസ്ഥലം നടേരി മഞ്ഞളാട്ടുകുന്നില്‍ ഒരുങ്ങുന്നു; സ്ഥലം ഏറ്റെടുത്തു, ചുറ്റുമതില്‍ കെട്ടലടക്കമുള്ള പണികള്‍ തുടങ്ങുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍


കൊയിലാണ്ടി: നഗരസഭയ്ക്കായി പുതിയ കളിസ്ഥലം ഒരുങ്ങുന്നു. നടേരിയിലെ മഞ്ഞളാട്ടു കുന്നിലെ ഒരേക്കര്‍ സ്ഥലത്താണ് കളിസ്ഥലം ഒരുക്കുന്നത്. 60ലക്ഷം രൂപയോളം ചെലവഴിച്ചാണ് നഗരസഭ ഈ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന നഗരസഭാ യോഗത്തില്‍ ഇതിന് അംഗീകാരമായി.

സ്ഥലത്ത് ചുറ്റുമതില്‍ കെട്ടി നിലം നിരപ്പാക്കുന്ന പ്രവൃത്തി ആദ്യപടിയായി ചെയ്യുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നഗരസഭയുടെ ഫണ്ട് ഇതിനായി ഉപയോഗിക്കും. പ്രദേശത്തെ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കായികതാരങ്ങള്‍ക്കും കളിക്കാനും പരിശീലനം നടത്താനും സ്ഥലം ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

ചുറ്റുമതില്‍ കെട്ടിയശേഷം ഇവിടെ ഗ്യാലറിയടക്കം സ്ഥാപിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കാവുംവട്ടം വൈദ്യരങ്ങാടി കേന്ദ്ര റിസര്‍വ് ഫണ്ടില്‍ നിര്‍മിച്ച റോഡില്‍ നിന്ന് ഏതാണ്ട് 500 മീറ്റര്‍ അടുത്താണ് മൈതാനം.

നിലവില്‍ കുറുവങ്ങാട് മണക്കുളങ്ങര മൈതാനമാണ് നഗരസഭയുടെ കൈവശമുളള പ്രധാന കളിസ്ഥലം.